സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് മന്ത്രി വീണാ ജോര്‍ജുമായി കൂടിക്കാഴ്ച നടത്തി

s

കോഴിക്കോട്: നിസ്വാര്‍ത്ഥ സേവനത്തിനിടയില്‍ നിപ വൈറസ് ബാധിച്ച് മരണമടഞ്ഞ സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി കൂടിക്കാഴ്ച നടത്തി. കോഴിക്കോട് കൂത്താളി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ക്ലാര്‍ക്കായി സേവനമുഷ്ഠിക്കുകയാണ് സജീഷ്.

ആശുപത്രി വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് സജീഷും പഞ്ചായത്ത് പ്രതിനിധികളും മന്ത്രി ക്യാമ്പ് ചെയ്ത കോഴിക്കോട് നിപ കണ്‍ട്രോള്‍ റൂമിലെത്തിയത്. കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തിയ പട്ടികയില്‍ കൂത്താളി പ്രാഥമികാരോഗ്യ കേന്ദ്രവുമുണ്ട്. പക്ഷെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. ഈ കേന്ദ്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും ജീവനക്കാരുടെ കുറവ് പരിഹരിക്കുമെന്നും മന്ത്രി സജീഷിന് ഉറപ്പ് നല്‍കി. ഒരേക്കറോളം വരുന്ന സ്ഥലം ഉപയോഗപ്പെടുത്തി ആശുപത്രി വികസനത്തിന് പ്രൊപ്പോസല്‍ നല്‍കാനും മന്ത്രി നിര്‍ദേശം നല്‍കി.

നേരത്തെ മന്ത്രിയുമായി ഫോണില്‍ സംസാരിച്ചിട്ടുണ്ടെങ്കിലും നേരിട്ട് കാണുന്നത് ആദ്യമാണെന്ന് സജീഷ് പറഞ്ഞു. മക്കളുടെ വിവരങ്ങള്‍ മന്ത്രി ചോദിച്ചറിഞ്ഞു. 8 വയസുള്ള റിതുല്‍ മൂന്നാം ക്ലാസിലും 5 വയസുള്ള സിദ്ധാര്‍ത്ഥ് യു.കെ.ജി.യിലുമാണ് പഠിക്കുന്നത്. നിപ പ്രിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സജീഷ് എല്ലാ പിന്തുണയും നല്‍കി.