തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിയില്‍ വാതില്‍പ്പടി സേവനമടക്കമുള്ള പദ്ധതികള്‍ ഉള്‍പ്പെടുത്തണം: മന്ത്രി

m v govindan master
 

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2021-22 വാര്‍ഷിക പദ്ധതിയില്‍ വാതില്‍പ്പടി സേവനമടക്കമുള്ള മുന്‍ഗണനാ പദ്ധതികള്‍ ഉള്‍പ്പെടുത്തണമെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. കോവിഡ് പ്രതിരോധം, ദുരന്ത നിവാരണം എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികള്‍ ഏറ്റെടുക്കാനും നിലവിലുള്ള പദ്ധതികളുടെ വിഹിതം വര്‍ധിപ്പിക്കാനും മന്ത്രി നിര്‍ദേശിച്ചു.

ടേക്ക് എ ബ്രേക്ക് വിശ്രമ കേന്ദ്രങ്ങളും പൊതുശുചിമുറികളും നിര്‍മ്മിക്കുവാനുള്ള പദ്ധതികള്‍ പുതുതായി ഏറ്റെടുക്കണമെന്നും നിലവിലുള്ള പദ്ധതികളുടെ വിഹിതം വര്‍ധിപ്പിച്ച് പരിപാലനമടക്കമുള്ള കാര്യങ്ങള്‍ ഉറപ്പുവരുത്തണമെന്നും മന്ത്രി പറഞ്ഞു. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍ നല്‍കിയ വിഹിതം ഉള്‍പ്പെടുത്തി ഗ്രമപഞ്ചായത്തുകളുടെ ലൈഫ്് മിഷന്‍ പദ്ധതികള്‍ പരിഷ്‌കരിക്കണം. കൂടുതല്‍ തുക ആവശ്യമെങ്കില്‍ വിഹിതം വര്‍ധിപ്പിക്കാനും തയ്യാറാവണം. ഏതെങ്കിലും കേന്ദ്ര-സംസ്ഥാന പദ്ധതിയ്ക്ക് വിഹിതം ലഭിച്ചിട്ടുണ്ടെങ്കില്‍ തദ്ദേശ ഭരണ സ്ഥാപന വിഹിതം കൂടി വകയിരുത്തി പുതുതായി പദ്ധതി ഏറ്റെടുക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

ജില്ലാ ആസൂത്രണ സമിതി നിരസിച്ചതും മാര്‍ഗരേഖയോ, സബ്‌സിഡി നിരക്കോ പാലിക്കാതെയുമുള്ള പദ്ധതികള്‍ ഉപേക്ഷിക്കണം. വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഏതെങ്കിലും പദ്ധതികള്‍ക്ക് കേന്ദ്രാവിഷ്‌കൃത പദ്ധതിയുടെയോ മറ്റോ ഭരണാനുമതിയും ഫണ്ടും ലഭിച്ചിട്ടുണ്ടെങ്കില്‍ അവ ഒഴിവാക്കണം. അതുവഴി ലഭിക്കുന്ന തുക മറ്റ് പദ്ധതികള്‍ക്കായി വിനിയോഗിക്കാമെന്ന് മന്ത്രി പറഞ്ഞു.  

വാര്‍ഷിക പദ്ധതിയുടെ ഭേദഗതികള്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഒറ്റത്തവണയായി സമര്‍പ്പിച്ച് അംഗീകാരം വാങ്ങാന്‍ ശ്രദ്ധിക്കണമെന്നും അനിവാര്യമായ ഭേദഗതികള്‍ക്ക് മാത്രമേ ജില്ലാ ആസൂത്രണ സമിതികള്‍ അംഗീകാരം നല്‍കാന്‍ പാടുള്ളുവെന്നും മന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വാര്‍ഷിത പദ്ധതി ഭേദഗതികള്‍ സംബന്ധിച്ച എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി നവമ്പര്‍ 30നകം ജില്ലാ ആസൂത്രണ സമിതിക്ക് സമര്‍പ്പിക്കണമെന്ന് മന്ത്രി വ്യക്തമാക്കി.