ലോക്ക് ഡൗൺ, രാത്രി കർഫ്യൂ വേണ്ട; സംസ്ഥാനത്ത് കൂടുതൽ മേഖലകൾ തുറക്കാമെന്ന് വിദഗ്ധരുടെ നിർദേശം

k

തിരുവനന്തപുരം:കേരളത്തിലെ കോവിഡ് വ്യാപനത്തിൽ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ വിദഗ്ധർ. ഞായർ ലോക്ക്‌ഡൗണും രാത്രി കർഫ്യൂവും ഒഴിവാക്കി, സ്കൂളുകളുൾപ്പെടെ തുറന്ന് ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചു കൊണ്ടുവരാമെന്നുംമുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത യോഗത്തിൽ വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു.

ഒന്നാം കോവിഡ് വ്യാപനം ചെറുക്കുന്നതിൽ മുന്നിട്ടുനിന്ന കേരളത്തിന് രണ്ടാം വ്യാപനത്തിലും ഒരു വീഴ്ചയുമുണ്ടായിട്ടില്ല. നിലവിലെ രോഗവ്യാപനത്തോതിൽ കാര്യമില്ല. രോഗ തീവ്രതയും മരണനിരക്കും കുറയ്ക്കുന്നതിൽ കേരളം വിജയിച്ചു.വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ദ്ധരും സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജ് മേധാവികളും പങ്കെടുത്ത മൂന്ന് മണിക്കൂറോളം നീണ്ടുനിന്ന യോഗം കോവിഡ് വ്യാപനത്തിന്റെയും പ്രതിരോധത്തിന്റെയും എല്ലാ മേഖലകളും പരിശോധിച്ചു. വിദേശത്തു നിന്നുള്ളവർ ഓൺലൈനായി പങ്കെടുത്തു. ഇതാദ്യമായാണ് രാജ്യത്ത് കോവിഡിനെ കുറിച്ച് ഇത്ര സമഗ്രമായ യോഗം വിളിക്കുന്നത്.

ആൾക്കൂട്ടമൊഴിവാക്കാനുള്ള ക്രമീകരണത്തോടെ പരമാവധി മേഖലകൾ തുറക്കാമെന്നും വിദഗ്ധർ നിർദ്ദേശിച്ചു. വാക്സിനേഷൻ വേഗത്തിലാക്കണം. ഒന്നാം തരംഗത്തിൽ വ്യാപനം കുറഞ്ഞതിനാലാണ് രണ്ടാം തരംഗം രൂക്ഷമാവാൻ കാരണമെന്ന് വിദഗ്ധർ വിലയിരുത്തി. മരണനിരക്ക് കുറച്ച് നിർത്താനായതിലും ഡാറ്റാ കൈകാര്യം ചെയ്യലിലും കേരളത്തെ പ്രശംസിച്ചു. അതേ സമയം സംസ്ഥാനത്തെ രോഗവ്യാപനത്തിൽ കുറവില്ല. ഇന്നലെ രണ്ട് ജില്ലകളിൽ നാലായിരത്തിന് മുകളിലായിരുന്നു പ്രതിദിന രോഗബാധ. ടി.പി.ആറിലും കുറവില്ല. ഈ മാസം പകുതി വരെ പ്രതിദിന കേസുകൾ ഉയർന്ന് നിൽക്കുമെന്നാണ് വിലയിരുത്തൽ.