നിയന്ത്രണത്തില്‍ ഇളവ്; ഡി മേഖലയിൽ തിങ്കളാഴ്ച കടകൾ തുറക്കാം; സിനിമാ ചിത്രീകരണത്തിന് അനുമതി

assam lockdown

തിരുവനന്തപുരം : കോവിഡ് നിയന്ത്രണങ്ങളില്‍ മാറ്റംവരുത്താന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവില്‍ കട തുറക്കാന്‍ അനുമതിയില്ലാത്ത ഡി വിഭാഗത്തില്‍പ്പെട്ട പ്രദേശങ്ങളില്‍ ബക്രീദ് പ്രമാണിച്ച് നിയന്ത്രണങ്ങള്‍ക്ക് വിധേയമായി തിങ്കളാഴ്ച ഒരു ദിവസം കട തുറക്കാന്‍ അനുമതി നല്‍കും. ഇലക്ട്രോണിക് ഷോപ്പുകള്‍, ഇലക്ട്രോണിക് റിപ്പയര്‍ ഷോപ്പുകള്‍, വീട്ടുപകരണങ്ങള്‍ വില്‍ക്കുന്ന ഷോപ്പുകള്‍ എന്നിവ കാറ്റഗറി എ, ബി പ്രദേശങ്ങളില്‍ രാവിലെ ഏഴ് മുതല്‍ രാത്രി എട്ടു വരെ പ്രവര്‍ത്തിക്കാം.

ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും നിയന്ത്രണങ്ങൾ തുടരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയന്ത്രണങ്ങൾ ഈ രീതിയിൽ തുടർന്നതുകൊണ്ടാണ് രോഗവ്യാപനം പിടിച്ചു നിർത്താൻ സാധിച്ചത്. ഇത് തുടരണം. വിശേഷ ദിവസങ്ങളിൽ ആരാധനാലയങ്ങളിൽ 40 പേർക്ക് വരെ പ്രവേശനമാകാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരാധനാലയങ്ങളുടെ ചുമതലയുള്ളവർ ആളുകളുടെ എണ്ണം ക്രമീകരിക്കാൻ പ്രത്യേകം ശ്രദ്ധ പുലർത്തണം. ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തവർക്കായിരിക്കും പ്രവേശനാനുമതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.  

എ, ബി വിഭാഗത്തിൽപ്പെടുന്ന മേഖലകളിലുള്ള ബ്യൂട്ടി പാർലർ, ബാർബർ ഷോപ്പ് എന്നിവിടങ്ങൾ ഹെയർ സ്റ്റൈലിംഗിനായി തുറന്ന് പ്രവർത്തിക്കാം. ഒരു ഡോസ് വാക്‌സിനെടുത്തവരായിരിക്കണം ഇത് ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. സീരിയൽ ഷൂട്ടിംഗിന് അനുമതി നൽകിയതുപോലെ സിനിമാ ചിത്രീകരണത്തിനും അനുമതി നൽകി. കർശന നിയന്ത്രണങ്ങൾ പാലിക്കണമെന്നും പ്രവർത്തകർ ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എഞ്ചിനീയറിംഗ്, പോളിടെക്‌നിക് കോളജുകളിൽ പരീക്ഷകൾ നടക്കുന്നതിനാൽ വിദ്യാർത്ഥികൾക്ക് ഹോസ്റ്റലുകളിൽ താമസിക്കാൻ അനുവാദം നൽകാൻ നിർദേശിച്ചു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ ക്രമീകരണങ്ങൾ അടുത്ത യോഗം വിലയിരുത്തും.

നിലവില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) അഞ്ചില്‍ താഴെയുള്ള 86 തദ്ദേശ സ്ഥാപനങ്ങളാണ് സംസ്ഥാനത്തുള്ളത്. ബി വിഭാഗത്തില്‍ (ടിപിആര്‍ 5 മുതല്‍ 10 വരെ) 398 തദ്ദേശ സ്ഥാപനങ്ങളുണ്ട്. സി വിഭാഗത്തില്‍ (ടിപിആര്‍ 10 മുതല്‍ 15 വരെ) 362 തദ്ദേശ സ്ഥാപനങ്ങളാണുള്ളത്. ടിപിആര്‍ 15 ന് മുകളിലുള്ള 194 തദ്ദേശ സ്ഥാപനങ്ങള്‍ സംസ്ഥാനത്തുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.