10 മണിക്കൂര്‍ മുറിയില്‍ പൂട്ടിയിട്ടു, കൈ പിടിച്ച് വലിച്ചു; എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ക്രൂരമായി ആക്രമിച്ചെന്ന് ലോ കോളേജ് അധ്യാപിക

law college teacher

തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന് ലോ കോളേജ് അധ്യാപിക. പത്ത് മണിക്കൂറോളം 21 അധ്യാപകരെ മുറിയില്‍ പൂട്ടിയിട്ടുവെന്നും കൈയ്ക്ക് പിടിച്ച് വലിച്ചുവെന്നും ആക്രമണത്തില്‍ കഴുത്തിന് പരിക്കേറ്റുവെന്നും കോളേജിലെ അസിസ്റ്റന്റ് പ്രൊഫ. വികെ സഞ്ജു പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. 

24 എസ്എഫ്‌ഐ വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തതിനെ തുടര്‍ന്നാണ് അധ്യാപകരെ ഉപരോധിച്ച് കൊണ്ടുള്ള എസ്എഫ്‌ഐ പ്രതിഷേധം. 
ലോ കോളജില്‍ കെഎസ്യുവിന്റെ കൊടിമരം നശിപ്പിച്ച സംഭവത്തിലാണ് 24 വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ നടപടി സ്വീകരിച്ചത്. ഇതില്‍ പ്രതിഷേധിച്ചായിരുന്നു 21 അധ്യാപകരെ പൂട്ടിയിട്ട് എസ്എഫ്ഐക്കാരുടെ ഉപരോധം. അതേസമയം, കോളേജിന് പുറത്ത് നിന്നും വിദ്യാര്‍ത്ഥികളെത്തിയെന്ന് അധ്യാപക വ്യക്തമാക്കി. അധ്യാപകരെ 
മുറിയില്‍ പൂട്ടിയിട്ടശേഷം മുറിയുടെ വൈദ്യുതി വിഛേദിച്ചുവെന്നും ശ്വാസം മുട്ട് അനുഭവപ്പെട്ടതോടെ പുറത്തിറങ്ങാന്‍ ശ്രമിച്ചപ്പോള്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നും വികെ സഞ്ജു വെളിപ്പെടുത്തി. സംഭവത്തില്‍ മ്യൂസിയം പൊലീസിന് പരാതി നല്‍കിയിട്ടുണ്ടെന്നും അധ്യാപിക അറിയിച്ചു.

അതേസമയം, കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കെഎസ്യു-എസ്എഫ്ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. കെഎസ്യുവിന്റെ കൊടിമരം നശിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് എസ്എഫ്‌ഐ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി സ്വീകരിച്ചതെന്നും സിസിടിവി ദൃശ്യങ്ങള്‍ തെളിവായി ലഭിച്ചിട്ടുണ്ടെന്നും കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചു.