ഷാഹിദാ കമാലിനെതിരായ വ്യാജ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച പരാതിയിൽ ചോദ്യങ്ങളുയർത്തി ലോകായുക്ത

shahida
 

തിരുവനന്തപുരം: വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാലിനെതിരായ (Shahida Kamal) വ്യാജ വിദ്യാഭ്യാസ യോഗ്യത (Fake doctorate)സംബന്ധിച്ച പരാതിയിൽ ചോദ്യങ്ങളുയർത്തി ലോകായുക്ത. ഡോക്ടറേറ്റ് കസാഖിസ്ഥാൻ സർവ്വകലാശാലയിൽ നിന്നാണെങ്കിൽ, ഷാഹിദയുടെ സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾ കസാഖിസ്ഥാൻ സർവ്വകലാശാല എങ്ങനെയറിഞ്ഞുവെന്ന്  കോടതി ചോദിച്ചു. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കാനും ലോകായുക്ത നിർദ്ദേശം നൽകി. 

വ്യാജഡോക്ടറേറ്റ് ആരോപണത്തിൽ വിചിത്ര വാദങ്ങളാണ് ഷാഹിദ ഉയർത്തുന്നത്. ഇതോടെ സത്യസന്ധത ബോധ്യപ്പെടണമെങ്കിൽ വിദ്യാഭ്യാസ രേഖകൾ ഹാജരാക്കണമെന്നും അടുത്ത പ്രാവശ്യം കേസ് പരിഗണിക്കുമ്പോൾ രേഖകൾ കോടതിക്ക് മുന്നിലെത്തിക്കണമെന്നും ലോകായുക്ത നിർദ്ദേശിച്ചു.

ഷാഹിദ കമാലിന്റെ സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾ കസാഖിസ്ഥാൻ സർവ്വകലാശാല എങ്ങനെ അറിഞ്ഞുവെന്നും കോടതി ചോദിച്ചു. യൂണിവേഴ്സിറ്റിയിലെ മലയാളിയായ ഒരു പ്രതിനിധിയാണ് തന്നെ ശുപാർശ ചെയ്തതുവെന്നായിരുന്നു ഇതിന് ഷാഹിദയുടെ മറുപടി. കേസിന്റെ വിവരങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യാൻ പാടില്ലെന്നും ഷാഹിദ ലോകായുക്തയോട് ആവശ്യപ്പെട്ടു.