കോഴിക്കോട് ബൈപ്പാസിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ടു പേര്‍ മരിച്ചു

lorry car accident in kozhikode two died
 

കോഴിക്കോട്: കോഴിക്കോട് ദേശീയപാത ബൈപ്പാസിലെ അറപ്പുഴ പാലത്തിന് സമീപം വാഹനാപകടം. രണ്ട് പേർ മരിച്ചു. നാലു പേർക്ക് പരുക്കേറ്റു. കോഴിക്കോട് മടവൂർ സ്വദേശികളായ കൃഷ്ണൻകുട്ടി (55) ഭാര്യ സുധ (45) എന്നിവരാണ് മരിച്ചത്.

വയല്‍ക്കരയില്‍ വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് അപകടമുണ്ടായത്. കോഴിക്കോട് നിന്ന് രാമനാട്ടുകരയ്ക്ക് പോവുകയായിരുന്ന ലോറിയും എറണാകുളത്ത് നിന്ന് കോഴിക്കോടേക്ക് വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.

തെറ്റായ ദിശയില്‍ വന്ന ലോറി ഓട്ടോറിക്ഷയിലും കാറിലും ഇടിക്കുകയായിരുന്നുവെന്നാണ് പ്രഥമിക വിവരം. കൂട്ടിയിടിയിൽ കാർ പൂർണമായും ടോറസ് ലോറിയുടെ അടിയിലേക്ക് കയറിപോയിരുന്നു. തുടർന്ന് ക്രെയ്‌നും മണ്ണുമാന്തി യന്ത്രവും ഉപയോഗിച്ചാണ് ലോറി ഉയർത്തി കാറിലുള്ളവരെ പുറത്തെടുത്തത്.

കാറിലുണ്ടായിരുന്ന മറ്റ് രണ്ട് പേരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന രണ്ട് പേർക്കും പരുക്കേറ്റിട്ടുണ്ട്.
 
അപകടത്തെത്തുടർന്നു തൊണ്ടയാട് രാമനാട്ടുകര റോഡിൽ ഏറെനേരം ഗതാഗതം പൂർണ്ണമായി സ്തംഭിച്ചു.