×

"താമര വിരിയില്ല" കേരളത്തില്‍: സര്‍വേ പ്രവചനങ്ങള്‍

google news
.

നെറ്റിപ്പട്ടം കെട്ടിയ ആനയെ എഴുന്നെള്ളത്തിന് മുമ്പില്‍ നിര്‍ത്തുന്ന പോലെ നടന്‍ ഭരത് സുരേഷ് ഗോപിയെ മുന്നില്‍ നിര്‍ത്തിയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഇത്തവണ മത്സരരംഗത്തിറങ്ങുന്നത്. തൃശൂര്‍ "എടുക്കുന്നതിനൊപ്പം" കേരളത്തിലെ മറ്റു മണ്ഡലങ്ങളും ഒപ്പം പോരുമെന്ന പ്രതീക്ഷയാണ് ബി.ജെ.പി വെച്ചു പുലര്‍ത്തുന്നത്. എന്നാല്‍, ഈ പ്രതീക്ഷകളെയെല്ലാം തകര്‍ക്കുന്നതാണ് ദേശീയ മാധ്യമങ്ങള്‍ നടത്തിയ സര്‍വേയയില്‍ വെളിപ്പെടുന്നത്. കേരളത്തിലെ 20 സീറ്റും ഇന്ത്യ മുന്നണി തന്നെ നേടുമെന്നാണ് ഇന്ത്യ ടുഡേ 'മൂഡ് ഓഫ് ദ നേഷന്‍' സര്‍വ്വേ പ്രവചിക്കുന്നത്. ഇടതു മുന്നണിക്കും സീറ്റൊന്നും നേടാനാകില്ലെന്ന് പ്രവചിക്കുന്നുണ്ട്. സര്‍വ്വേ ഫലത്തില്‍ ബി.ജെ.പി കേന്ദ്രങ്ങള്‍ നിരാശയിലാണ്. സുരേഷ് ഗോപിയിലൂടെ തൃശൂര്‍ സ്വന്തമാക്കാന്‍ പതിനെട്ടടവും പയറ്റുമ്പോഴാണ് സര്‍വ്വേ ഫലത്തിലെ തിരിച്ചടി.

.

മണിപ്പൂര്‍ വിഷയം തൃശൂര്‍ ലോകസഭ തെരഞ്ഞെടുപ്പ് ഫലത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുമെന്നാണ് സര്‍വേ ഫലം. സുരേഷ് ഗോപിക്ക് വേണ്ടി പ്രധാനമന്ത്രി രണ്ട് തവണ തൃശൂര്‍ സന്ദര്‍ശിച്ചിു കഴിഞ്ഞു. ഇനി തെരഞ്ഞെചുപ്പു പ്രതചാരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി കേരളത്തില്‍ വരുമോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 13ന് അമിത് ഷാ കേരളത്തില്‍ എത്തുന്നുണ്ട്. തെരഞ്ഞെടുപ്പ് മുഖ്യ അജണ്ടയായിട്ടാണ് അമിത് ഷായുടെ വരവ്. സര്‍വേ ഫലങ്ങള്‍ അനുകൂലമായതോടെ യു.ഡി.എഫ് ക്യാമ്പ് സജീവമാകുന്നുണ്ട്. സംസ്ഥാന രാഷ്ട്രീയത്തില്‍ കടിപിടി കൂടാന്‍ താല്‍പ്പര്യമില്ലാത്ത ടി.എന്‍. പ്രതാപന്‍ വീണ്ടും മത്സരിച്ചാല്‍ വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ തവണ നേടിയ ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കാനുള്ള തന്ത്രങ്ങളാണ് പ്രതാപന്‍ നടത്തുന്നത്. 

.

ബി.ജെ പി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ല എന്ന സര്‍വേ ഫലത്തില്‍ കേന്ദ്രമന്ത്രി വി. മുരളിധരനും നിരാശയിലാണ്. കഴിഞ്ഞ തവണ ശോഭ സുരേന്ദ്രന് ആറ്റിങ്ങലില്‍ കിട്ടിയ വോട്ട് നിലനിര്‍ത്താന്‍ സാധിക്കില്ലെങ്കില്‍ മുരളീധരന്‍ പാര്‍ട്ടിയിലും നാണം കെടും. സീറ്റു വിഭജനത്തിന്റെ കാര്യത്തിലും ബി.ജെ.പിയില്‍ കലാപം ഉണ്ടാകാന്‍ പോകുന്നതേയുള്ളൂ. കെ. സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍, വി. മുരളീധരന്‍ എന്നിവരാണ് പ്രധാനമായും സീറ്റ് തര്‍ക്കത്തിന്റെ മുമ്പിലുണ്ടാവുക. സേഫ് സീറ്റുകള്‍ക്കു വേണ്ടിയാകും മൂവരുടെയും തര്‍ക്കം. പാര്‍ട്ടിയില്‍ ശോഭാ സുരേന്ദ്രമനെ ഒതുക്കാന്‍ നോക്കിയതിന്റെ പേരില്‍ ശോഭ പരസ്യമായി രംഗത്തു വന്നിരുന്നു. ഇതേ തുടര്‍ന്ന് കേന്ദ്ര നേതൃത്വം ഇടപെട്ടാണ് ശോഭയെ അനുനയിപ്പിച്ചത്. 

.

നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയാകുമെന്ന പ്രതീതിയിലാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ ഘട്ടത്തില്‍ കേരളത്തില്‍ നിന്ന് ബി.ജെ.പി ടിക്കറ്റില്‍ വിജയിക്കുന്നവര്‍ക്ക് കേന്ദ്ര മന്ത്രിസഭയില്‍ അംഗമാകാന്‍ കഴിയും. കേരളത്തില്‍ മത്സരിച്ച് തോറ്റ വി. മുരളീധരനെ കേന്ദ്ര സഹമന്ത്രിയാക്കിയത് മറ്റൊരു സംസ്ഥാനത്തെ മണ്ഡലത്തില്‍ നിര്‍ത്തി വിജയിപ്പിച്ചാണ്. ഈ ഗതികേട് ഇനിയെങ്കിലും കേരളത്തിന് ഉണ്ടാകരുതെന്നാണ് ബി.ജെ.പി ദേശീയ ഘടകം ആവശ്യപ്പെടുന്നത്. അതുകൊണ്ടാണ് കേന്ദ്ര നേതൃത്വവും, പ്രധാനമന്ത്രിയും കേരളത്തെ കൂടുതല്‍ ശ്രദ്ധിക്കുന്നതും. എന്നിട്ടും സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്, കേരളത്തില്‍ പച്ച തൊടില്ലെന്നു തന്നെയാണ്. 

.

അതേസമയം, വോട്ടിംഗ് ശതമാനത്തില്‍ നേരിയ വര്‍ദ്ധനയുണ്ടാക്കാന്‍ സാധിച്ചേക്കും. എന്നാല്‍, കേരളത്തിലെ ചില മണ്ഡലങ്ങളില്‍ ശക്തമായ പോരാട്ടം കാഴ്ച വെക്കാന്‍ ബി.ജെ.പിക്ക് സാധിച്ചേക്കും. കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രചാരണം ഉണ്ടാകുന്നുണ്ട്. ഇത് ശരിയാണെങ്കില്‍ ശശിതരൂരിന് പറ്റിയ ബദല്‍ സ്ഥാനാര്‍ഥിയായിരിക്കും. മറ്റിടങ്ങളില്‍ മത്സരിക്കാം എന്നല്ലാതെ വിജയപ്രതീക്ഷ പോലും വെച്ചു പുലര്‍ത്തേണ്ടതില്ലെന്ന മുന്നറിയിപ്പാണ് സര്‍വേ ഫലങ്ങള്‍ നല്‍കുന്നത്. കേരളത്തിലെ മാധ്യമങ്ങളും സര്‍വേകള്‍ നടത്തുന്നുണ്ട്. കൂടാതെ, സ്വകാര്യ സ്ഥാപനങ്ങളും സര്‍വേ ചെയ്യുന്നുണ്ട്. വരും ദിവസങ്ങളില്‍ ഈ സര്‍വേ ഫലങ്ങളും പുറത്തു വരും. ബി.ജെ.പിക്കു വേണ്ടി ക്രിക്കറ്റ് താരം ശ്രീശാന്തും സിനിമാ താരം ഭീമന്‍ രഘുവുമൊക്കെ മത്സരിച്ചിരുന്നു. പരാജയവും, പാര്‍ട്ടിയിലെ പിന്തുണയില്ലായ്മയും കൊണ്് രണ്ടുപേരും ബി.ജെ.പിയില്‍ നിന്ന് പതിയെ പിന്‍മാറി. ഭീമന്‍ രഘു നേരെ ഇടതു പാളയത്ത് കയറുകയും ചെയ്തു.

.

ബി.ജെ.പിയിലെ സംഘടനാ സംവിധാനം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ സ്വാധീനിക്കാന്‍ പോന്നതല്ലെന്നാണ് വിലയിരുത്തല്‍. വ്യക്തമായ രാഷ്ട്രീയമില്ലായ്മ. ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടാതിരിക്കല്‍, ഹിന്ദുത്വ അജണ്ട മാത്രം നടപ്പാക്കല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ പ്രധാനമായും ഉയര്‍ത്തിക്കാട്ടുന്നുണ്ട്. നടന്‍ കൃഷ്ണ കുമാറിന് സ്ഥാനാര്‍ഥിത്വം ലഭിക്കുമായിരുന്നെങ്കിലും ജാതീയമായ ഒരു പ്രസ്താവന അദ്ദേഹത്തിന് ഏറെ ദോഷം ചെയ്തു. 'തന്റെ കുട്ടിക്കാലത്ത് കുഴികുത്തി കഞ്ഞികുടിക്കുന്നവരെ കാണാന്‍ എന്തു രസമായിരുന്നു' എന്ന ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനയാണ് കൃഷ്ണകുമാര്‍ നടത്തിയത്. എന്തായാലും ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് രാജ്യവും സംസ്ഥാനവും വീഴുന്നതോടെ സര്‍വേ ഫലങ്ങളാണോ, ജനങ്ങളാണോ വിധിയെഴുതുന്നതെന്ന് കാത്തിരുന്നു കാണാം. 

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags