കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതിൽ കാമുകന് പങ്കില്ല; നീതുവിൻ്റെ ലക്ഷ്യം കാമുകനുമായുള്ള ബന്ധം നിലനിർത്താനെന്ന് കോട്ടയം എസ് പി

baby abducted case kottayam sp about neethu

കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് തിരുവല്ല സ്വദേശിനി നവജാത ശിശുവിനെ തട്ടിയെടുത്തത് കാമുകനുമായുള്ള ബന്ധം നിലനിർത്താനെന്ന് എസ് പി ഡി ശിൽപ അറിയിച്ചു. നീതു തനിച്ചാണ് കൃത്യം നടത്തിയത്. കേസിൽ കാമുകന് പങ്കില്ലെന്നും എസ് പി പറഞ്ഞു. കളമശേരിയിൽ ഇവന്റ് മാനേജ്മെന്റ് സ്ഥാപനം നടത്തിയിരുന്ന നീതു ഇബ്രാഹിം ബാദുഷയെ ടിക്ക് ടോക്കിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായത്.

രണ്ടു വർഷമായി ഇവർ തമ്മിൽ പ്രണയത്തിലായിട്ട്.    ഇയാളിൽ നിന്നുള്ള ഗർഭം രണ്ടു മാസത്തിനു ശേഷം അലസിയിരുന്നു. ഇക്കാര്യം കാമുകനെ അറിയിച്ചിരുന്നില്ല. ഇതിനിടെ കാമുകൻ മറ്റൊരു വിവാഹം കഴിക്കാൻ തീരുമാനിച്ചതോടെ താൻ പ്രസവിച്ച കുഞ്ഞെന്ന വ്യാജേനെ തട്ടിക്കൊണ്ടുപോയ നവജാത ശിശുവിനെ കാണിച്ച് ഇബ്രാഹിം ബാദുഷയുമായുള്ള ബന്ധം തുടരുകയായിരുന്നു നീതുവിൻ്റെ  ലക്ഷ്യമെന്ന് പോലീസ് പറയുന്നു. തനിക്ക് കുഞ്ഞായെന്ന് കാമുകനെ വീഡിയോ കോൾ വിളിച്ച് നീതു കാണിച്ചു കൊടുത്തു.

കുഞ്ഞിനെ തിരികെ കൊടുക്കാൻ നീതു തീരുമാനിച്ചിരുന്നില്ല. കുട്ടിയെ സ്വന്തം കുട്ടിയായി വളർത്താനായിരുന്നു ശ്രമം. നീതു കോട്ടയത്ത് പഠിച്ചിരുന്ന വ്യക്തിയാണ്. അതുകൊണ്ട് സ്ഥലം കൃത്യമായി അറിയാം. ആശുപത്രിയിൽ പരിശോധനക്കായി പോവുകയാണെന്ന് പറഞ്ഞ് ജനുവരി നാലിന് നീതു കോട്ടയത്തെത്തിയത്. കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നതിനു നഴ്‌സിന്റെ വസ്ത്രം ഉൾപ്പടെ ഇവർ വാങ്ങി സൂക്ഷിച്ചിരുവെന്നും ആശുപത്രിയിൽ നേരത്തെ എത്തി സ്ഥിഗതികൾ നീരിക്ഷിച്ചിരുന്നുവെന്നും പോലീസ് പറയുന്നു.

കുഞ്ഞിനെ തട്ടിക്കൊണ്ടുപോകൽ കേസിൽ കാമുകന് പങ്കില്ലെങ്കിലും ഇബ്രാഹിം ബോദുഷയ്‌ക്കെതിരെ മറ്റൊരു കേസ് എടുത്തിട്ടുണ്ട്. ഇയാൾ നീതുവിൽ നിന്നും പണം തട്ടിയിട്ടുണ്ട്. ഈ സംഭവത്തിലാണ് ഇബ്രാഹിമിനെതിരെ പോലീസ് കേസെടുത്തത്. അതേസമയം, രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് നീതുവിനെ പിടികൂടാൻ സാധിച്ചതെന്ന് എസ് പി  ഡി ശിൽപ പറഞ്ഞു. നീതുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. നീതുവിന്‍റെ ഭർത്താവ് നിലവിൽ മറ്റൊരു രാജ്യത്താണ്. ഈ ബന്ധത്തിൽ ഒരു ആൺകുട്ടിയുണ്ട്. ആറു വയസുകാരനായ മകനെ നീതുവിന്‍റെ മാതാപിതാക്കളെത്തി കൊണ്ടുപോയി.