എല്ലാ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും ശ്വാസകോശ പുനരധിവാസ ക്ലിനിക്കുകൾ: മന്ത്രി വീണാ ജോർജ്

veena jeorge

തിരുവനന്തപുരം; സംസ്ഥാനത്തെ 227 സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും ഈ വർഷം ശ്വാസകോശ പുനരധിവാസ ക്ലിനിക്കുകൾ (Pulmonary rehabilitation) ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. ദീർഘകാല ശ്വാസകോശ രോഗങ്ങൾ കൊണ്ടുള്ള ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിനും ജീവിത ഗുണനിലവാരം വർധിപ്പിക്കുന്നതിനും മാത്രമല്ല ശാരീരികവും മാനസികവുമായ പങ്കാളിത്തത്തിനും വളരെയധികം സഹായകമാകുന്ന ഒരു ചികിത്സാ രീതിയാണ് ശ്വാസകോശ പുനരധിവാസം.

ശ്വസന വ്യായാമ മുറകൾ, എയറോബിക് വ്യായാമങ്ങൾ, പുകവലി നിർത്തുന്നതിനുള്ള സഹായം, ശ്വാസകോശ രോഗികൾ വിഷാദ രോഗങ്ങൾക്കടിമപ്പെടാതിരിക്കാനുള്ള കൗൺസലിംഗ് സേവനങ്ങൾ എന്നിവയൊക്കെയാണ് ഈ ക്ലിനിക്കുകളിലൂടെ ലഭ്യമാക്കുന്നത്. ഈ സേവനങ്ങൾ സി.ഒ.പി.ഡി. രോഗികൾക്ക് മാത്രമല്ല മറ്റു ശ്വാസകോശ രോഗികൾക്കും കോവിഡാനന്തര രോഗികൾക്കും ഒരുപോലെ സഹായമാകുന്ന ഒന്നാണ്. സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ ലഭ്യമായിട്ടുള്ള ഫിസിയോതെറാപ്പിസ്റ്റുകളുടെ സേവനങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടാണ് ക്ലിനിക്കുകൾ പ്രവർത്തനസജ്ജമാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
 

കേരളത്തിൽ ഏകദേശം 5 ലക്ഷത്തിൽ പരം സി.ഒ.പി.ഡി. രോഗികളുണ്ടെന്നാണ് കണക്ക്. സി.ഒ.പി.ഡി. പ്രതിരോധത്തിനും നിയന്ത്രണത്തിനും ചികിത്സയ്ക്കുമായി 'ശ്വാസ്' എന്ന പേരിൽ ഒരു നൂതന സംരംഭം ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തിൽ സി.ഒ.പി.ഡി.യ്ക്കു വേണ്ടി ഒരു പൊതുജനാരോഗ്യ പദ്ധതി ഇന്ത്യയിൽ ആദ്യമായാണ് കേരളത്തിൽ ആരംഭിച്ചത്. ഈ പദ്ധതിയിലൂടെ പ്രാഥമികാരോഗ്യ കേന്ദ്രം മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള ആശുപത്രികളിൽ സജ്ജമാക്കിയ ശ്വാസ് ക്ലിനിക്കുകളിലൂടെ സി.ഒ.പി.ഡി. രോഗികൾക്ക് കൃത്യമായ ചികിത്സ ഉറപ്പു വരുത്തുന്നു.
 

39 ജില്ലാ, ജനറൽ ആശുപത്രികളിലും 379 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഇതിനോടകം തന്നെ ശ്വാസ് ക്ലിനിക്കുകൾ ആരംഭിച്ചു. ഈ ക്ലിനിക്കുകളിലൂടെ 20,000 ത്തിലധികം സി.ഒ.പി.ഡി. രോഗികളെ ഇതിനകം കണ്ടെത്തി ആവശ്യമായ സേവനങ്ങൾ നൽകി വരുന്നു. കൂടുതൽ ആരോഗ്യ സ്ഥാപനങ്ങളിൽ ഈ വർഷം ശ്വാസ് ക്ലിനിക്കുകൾ ആരംഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.