'പിണറായിക്ക് സാരിയും ബ്ലൗസും ധരിച്ചാലെന്താ?'; ലിംഗസമത്വമെന്ന പേരിൽ സ്കൂളുകളിൽ മതനിരാസം പ്രോത്സാഹിപ്പിക്കുന്നെന്ന് മുനീർ

mk muneer
 

കോഴിക്കോട്: ലിംഗസമത്വം എന്ന പേരിൽ സര്‍ക്കാര്‍ സ്കൂളുകളിൽ മതനിരാസം പ്രോത്സാഹിപ്പിക്കുന്നുവെന്ന് എം.കെ മുനീർ എം.എല്‍.എ. പിണറായി വിജയന് സാരിയും ബ്ലൗസും ഇട്ടാൽ എന്താണ് കുഴപ്പം? സാമൂഹിക നീതിയാണ് വേണ്ടത്. ലിംഗ സമത്വ യൂണിഫോം ചെറുത്തു തോൽപ്പിക്കുമെന്നും എം.കെ മുനീർ പറഞ്ഞു.

കോഴിക്കോട് എം.എസ്.എഫിന്‍റെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു എം.കെ മുനീര്‍. ആണ്‍കോയ്മയുള്ള ലിംഗസമത്വ യൂണിഫോം നടപ്പാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് എം.കെ മുനീര്‍ പറഞ്ഞു.

'പുതിയ പാഠ്യപദ്ധതിയുടെ കരട് ചര്‍ച്ചചെയ്യാന്‍ വെച്ചിരിക്കുകയാണ്. സ്ത്രീയ്ക്കും പുരുഷനും തുല്യത ഉണ്ടാകണമെന്നാണ് അതില്‍ പറയുന്നത്. ഇനിമുതല്‍ സ്ത്രീയ്ക്കും പുരുഷനും ഒരു ബാത്ത് റൂം മാത്രമേ സ്‌കൂളുകളില്‍ ഉണ്ടാകൂ. മതമില്ലാത്ത ജീവന്‍ എന്നുപറഞ്ഞ് മതനിഷേധത്തെ കടത്തിയതുപോലെ ഇപ്പോള്‍ ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന പേരില്‍ വീണ്ടും മതനിഷേധത്തെ സ്‌കൂളുകളിലേക്ക് കൊണ്ടുവരാനുള്ള പാഠ്യപദ്ധതി തയ്യാറായിക്കഴിഞ്ഞിരിക്കുന്നു. ആണ്‍കുട്ടികള്‍ക്കെന്താ ചുരിദാര്‍ ചേരില്ലേ? പിണറായി വിജയനും ഭാര്യയും യാത്രചെയ്യുമ്പോള്‍ എന്തിനാണ് ഭാര്യയെക്കൊണ്ട് പാന്റ് ഇടീക്കുന്നത്? പിണറായി വിജയന് സാരിയും ബ്ലൗസും ഇട്ടാല്‍ എന്താണ് കുഴപ്പം?', മുനീര്‍ ചോദിക്കുന്നു.

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം പോലെയുള്ളവ അടിച്ചേല്‍പിക്കുകയല്ല, സാമൂഹ്യ നീതി ഉറപ്പുവരുത്തുകയാണ് ചെയ്യേണ്ടതെന്ന് മുനീര്‍ പറയുന്നു. മുസ്ലിം ലീഗും എം.എസ്.എഫും സാമൂഹ്യനീതി ഉറപ്പുവരുത്തുന്ന പ്രസ്ഥാനങ്ങളാണെന്നും മുനീര്‍ പ്രസംഗത്തില്‍ പറയുന്നു.