എം ശിവശങ്കറിന് പദവിയായി; സ്‌പോര്‍ട്‌സ് യുവജനക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി

 m sivasankar

തിരുവനന്തപുരം: എം ശിവശങ്കർ സ്പോർട്സ് യുവജനക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാകും. ഒന്നര വർഷത്തിന് ശേഷമാണ് എം ശിവശങ്കർ സർവീസിൽ തിരിച്ചെത്തിയത്. ചൊവ്വാഴ്ചയാണ് ശിവശങ്കറിനെ തിരിച്ചെടുത്തത്. സസ്പെൻഷൻ പിൻവലിച്ചുകൊണ്ടുള്ള ഉത്തരവ് കൈപ്പറ്റാൻ എം ശിവശങ്കർ ഇന്ന് സെക്രട്ടറിയേറ്റിൽ എത്തിയിരുന്നു.

കഴിഞ്ഞ ദിവസമാണ് ശിവശങ്കറിൻ്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഒരുവര്‍ഷത്തിനും അഞ്ച് മാസത്തിനും ശേഷമാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതിയുമായി ബന്ധത്തെ തുടര്‍ന്ന് 2019 ജൂലൈയിലാണ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തത്. 

പിന്നീട് കസ്റ്റംസും, എൻഫോഴ്സമെന്‍റും, വിജിലൻസും നടത്തിയ അന്വേഷണത്തിൽ ശിവശങ്കർ പ്രതിയായി. സ്വര്‍ണക്കടത്ത് കേസിലും, ലൈഫ് മിഷൻ അഴിമതിക്കേസിലുമാണ് പ്രതിചേർത്തത്. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ സംബന്ധിച്ച റിവ്യൂ സമിതി സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ ശുപാര്‍ശ നല്‍കുകയായിരുന്നു.