ഒന്നര വർഷത്തിന് ശേഷം എം ശിവശങ്കര്‍ സര്‍വീസില്‍

 m sivasankar

തിരുവനന്തപുരം: എം ശിവശങ്കർ വീണ്ടും സെക്രട്ടറിയേറ്റിൽ. സസ്പെൻഷൻ പിൻവലിച്ചുകൊണ്ടുള്ള ഉത്തരവ് കൈപ്പറ്റാനാണ് എത്തിയത്. മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥൻ എം ശിവശങ്കറിൻ്റെ സസ്‌പെന്‍ഷന്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ശിവശങ്കറിൻ്റെ പുതിയ തസ്തിത സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. 

ഒരുവര്‍ഷത്തിനും അഞ്ച് മാസത്തിനും ശേഷമാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്. നയതന്ത്രചാനൽ വഴിയുള്ള സ്വർണ കടത്തു കേസിലെ പ്രതികളുമായുള്ള ബന്ധം പുറത്തുവന്നതോടെയാണ് 2019 ജൂലൈയിൽ  മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തത്. 

പിന്നീട് കസ്റ്റംസും, എൻഫോഴ്സമെന്‍റും, വിജിലൻസും നടത്തിയ അന്വേഷണത്തിൽ ശിവശങ്കർ പ്രതിയായി. സ്വര്‍ണക്കടത്ത് കേസിലും, ലൈഫ് മിഷൻ അഴിമതിക്കേസിലുമാണ് പ്രതിചേർത്തത്. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ സംബന്ധിച്ച റിവ്യൂ സമിതി സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ ശുപാര്‍ശ നല്‍കുകയായിരുന്നു. എം ശിവശങ്കറിൻ്റെ വരവ് ഏതു പദവിയിലേക്കാക്കും എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. 2023 ജനുവരിയിൽ ശിവശങ്കർ വിരമിക്കും. സ്വർണക്കടത്ത് കേസിൽ 98 ദിവസമാണ് ശിവശങ്കർ ജയിലിൽ കഴിഞ്ഞത്.