
കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദന ദാസിന്‍റെ വീട്ടില്‍ നടന്‍ മമ്മൂട്ടിയെത്തി. വന്ദനയുടെ കുടുംബത്തെ അദ്ദേഹം ആശ്വസിപ്പിച്ചു. ഇന്ന് രാത്രിയോടെയാണ് മമ്മൂട്ടി വന്ദനയുടെ വീട്ടിലെത്തിയത്. രമേഷ് പിഷാരടിയും വന്ദനയുടെ വീട്ടിലെത്തിയിരുന്നു.
കോട്ടയം മുട്ടുചിറയിലെ വീട്ടുവളപ്പിൽ രണ്ടരയോടെയായിരുന്നു സംസ്കാരം. വന്ദനയെ അവസാനമായി ഒരുനോക്ക് കാണാൻ ആയിരക്കണക്കിന് ആളുകളാണ് എത്തിയത്.
കേന്ദ്രമന്ത്രിയും സംസ്ഥാന മന്ത്രിമാരും പ്രതിപക്ഷ നേതാവും അടക്കം നിരവധി പേര്‍ വന്ദനയ്ക്ക് അന്തിമോപചാരം അർപ്പിക്കാൻ എത്തി. നിറകണ്ണുകളോടെയാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മടങ്ങിയത്. സഹപാഠികളും സഹപ്രവർത്തകരും നാട്ടുകാരും കണ്ണീരോടെ വന്ദനയെ യാത്രയാക്കി.
അതേസമയം ഡോ. വന്ദനയുടെ കൊലപാതകത്തിന് പിന്നാലെ ആരംഭിച്ച സർക്കാർ ഡോക്ടർമാരുടെ സമരം പിൻവലിച്ചു. നാളെ മുതൽ ഡ്യൂട്ടി എടുക്കുമെന്ന് കെജിഎംഒഎ അറിയിച്ചു.
വിഐപി ഡ്യൂട്ടി ബഹിഷ്കരണം തുടരും. സർക്കാർ എടുത്തത് പോസിറ്റീവ് ആയ സമീപനം എന്നാണ് വിലയിരുത്തൽ.
ആശുപത്രി സംരക്ഷണനിയമം പരിഷ്കരിച്ചു കൊണ്ടുള്ള ഓർഡിനൻസ് പുറപ്പെടുവിക്കുന്നതും പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുന്നതും ഉൾപ്പടെയുള്ള സർക്കാർ തീരുമാനങ്ങളിൽ സമയബന്ധിതമായ നടപടികൾ ഉണ്ടാകാത്ത പക്ഷം തുടർ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് കെ.ജി.എം.ഒ.എ വ്യക്തമാക്കി.