അടിമാലിയിൽ വഴിയിൽ കിടന്നു കിട്ടിയ മദ്യം കഴിച്ച് യുവാവ് മരിച്ച സംഭവം കൊലപാതകം; പ്രതി മരിച്ച കുഞ്ഞുമോന്‍റെ ബന്ധു സുധീഷ്

sd
 

അടിമാലി: വഴിയിൽ കിടന്നു കിട്ടിയതെന്നു പറ‍ഞ്ഞ് യുവാവ് കൊടുത്ത മദ്യം കുടിച്ച് നാൽപതുകാരൻ മരിച്ച സംഭവത്തിൽ ട്വിസ്റ്റ്. മദ്യം വഴിയിൽ കിടന്നു കിട്ടിയതല്ല, യുവാവ് വാങ്ങി വിഷം ചേർത്തു നൽകിയതാണെന്ന് പൊലീസ് കണ്ടെത്തി. മദ്യത്തിൽ വിഷം കലർത്തിയ അടിമാലി കീരിത്തോട് സ്വദേശി സുധീഷിനെ (24) പൊലീസ് അറസ്റ്റ് ചെയ്തു. 

മദ്യം കഴിച്ച് അടിമാലി സ്വദേശി കുഞ്ഞുമോൻ (40) കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്നലെ മരിച്ചിരുന്നു. സുധീഷിന്റെ അമ്മാവനാണ് കുഞ്ഞുമോൻ. മദ്യം കഴിച്ച മനോജ്, അനു എന്നിവർ ഇപ്പോഴും ചികിത്സയിലാണ്.


കുഞ്ഞുമോന്റെ സുഹൃത്ത് മനോജിനെ കൊലപ്പെടുത്താനായിരുന്നു സുധീഷ് ലക്ഷ്യമിട്ടിരുന്നത്. മനോജുമായി വ്യക്തിവൈരാഗ്യം ഉണ്ടായിരുന്ന സുധീഷ്, റം പൈന്റ് വാങ്ങി അടപ്പിൽ ഓട്ടയിട്ട് വിഷകീടനാശിനി സിറിഞ്ച് ഉപയോഗിച്ച് കലർത്തുകയായിരുന്നു. തുടർന്ന് ഈ സുഷിരം മെഴുക് വച്ച് അടച്ചു. വഴിയിൽ കിടന്നുകിട്ടിയ കുപ്പിയെന്ന് പറഞ്ഞ് മനോജിനെ വിളിച്ചുവരുത്തി കുടിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ ഞായറാഴ്ചയാണ് അടിമാലി സ്വദേശികളായ കുഞ്ഞുമോൻ, അനിൽകുമാർ, മനോജ് എന്നിവർ മദ്യം കഴിച്ച് അവശനിലയിലായി ചികിത്സ തേടിയത്. അടിമാലി അപ്സരക്കുന്നിൽ വച്ച് മദ്യകുപ്പി കളഞ്ഞ് കിട്ടിയെന്നും അത് കുടിച്ചാണ് ശാരീരികാസ്വസ്ഥകൾ അനുഭവപ്പെട്ടതെന്നുമാണ് ആദ്യം ഇവർ പറഞ്ഞിരുന്നത്. ശാരീരികാസ്വസ്ഥകൾ അനുഭവപ്പെട്ടതോടെ ഇവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നില മോശമായതിനെ തുടർന്ന് ഇവരെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെയാണ് അവശ നിലയിലായ കുഞ്ഞുമോൻ മരിച്ചത്. അതിന് പിന്നാലെയാണ് ഇത് കൊലപാതകമാണെന്ന വാർത്ത പുറത്തുവരുന്നത്.

കത്തിച്ച നിലയിൽ മദ്യക്കുപ്പിയും പൊലീസ് പിന്നീട് കണ്ടെടുത്തുകയും ചെയ്തു. സംഭവം കൊലപാതകമെന്ന സംശയത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കുകയായിരുന്നു.