മൂന്നാറിലെ മണ്ണിടിച്ചിൽ; അപകടത്തിൽപ്പെട്ട വാഹനം കണ്ടെത്തി, ആളെ കണ്ടെത്താനായില്ല

sd
 


ഇടുക്കി: മൂന്നാർ കുണ്ടളക്ക് സമീപം പുതുക്കുടിയിൽ മണ്ണിടിച്ചിലുണ്ടായ സംഭവത്തിൽ കാണാതായ വാഹനം കണ്ടെത്തി, എന്നാൽ വാഹനത്തിലുണ്ടായിരുന്നെന്ന് സംശയിക്കപ്പെടുന്നയാളെ കണ്ടെത്താനായില്ല. കാണാതായ ആൾ മണ്ണിനടിയിൽ പെട്ടിട്ടുണ്ടോ എന്നാണ് സംശയം.

പ്രതികൂല കാലാവസ്ഥ മൂലം തിരച്ചിൽ അവസാനിപ്പിച്ചു. നാളെ രാവിലെ തിരച്ചിൽ തുടരും. അതേസമയം, മൂന്നാർ വട്ടവട റോഡിൽ ഗതാഗതം പുനഃസ്ഥാപിച്ചു. എന്നാൽ യാത്ര നിരോധനം ഉള്ളതിനാൽ വാഹനങ്ങൾ പ്രവേശിപ്പിക്കില്ല. മൂന്നാർ വട്ടവട റോഡിൽ കുണ്ടള ഡാമിന് സമീപം മണ്ണിടിച്ചിൽ ഉണ്ടായതിനാൽ ഈ റോഡിലൂടെയുള്ള യാത്ര നിരോധിച്ചെന്ന് നേരത്തെ കളക്ടർ അറിയിച്ചിരുന്നു. വിനോദസഞ്ചാരികളും മറ്റു യാത്രക്കാരും പ്രത്യേകം ശ്രദ്ധിക്കേണ്ടതും ഈ റോഡിലൂടെയുള്ള യാത്ര ഒഴിവാക്കേണ്ടതാണെന്നും ജില്ലാ കളക്ടർ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.


കുണ്ടളക്ക് സമീപം പുതുക്കുടിയിലാണ് മണ്ണ് ഇടിച്ചിലുണ്ടായത്. കോഴിക്കോട് വടകരയിൽ നിന്നുള്ള വിനോദ സഞ്ചാരികൾ എത്തിയ ട്രാവലറിന് മുകളിലേയ്ക്കാണ് മണ്ണ് ഇടിഞ്ഞ് വീണത്.  പ്രദേശത്ത് നിർത്തിയിട്ടിരുന്ന വാഹനം മണ്ണിടിഞ്ഞെത്തിയതോടെ താഴേക്ക് പതിക്കുകയായിരുന്നു. 

സംഭവത്തിൽ ആർക്കും പരിക്കില്ലെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ഒരാൾ വാഹനത്തിൽ കുടുങ്ങിക്കിടക്കുന്നതായാണ് സംശയമുണ്ട്. 11 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. നേരത്തെയും മണ്ണിടിച്ചിലും ഉരുൾപ്പൊട്ടലുമുണ്ടായ പ്രദേശമാണിത്. അതിനിടെ, മൂന്നാർ എല്ലപെട്ടിയിലും മണ്ണിടിച്ചിലുണ്ടായി.