'കാട്ടുപോത്തിന് വോട്ടവകാശമില്ലെന്ന് ജനപ്രതിനിധികൾ മറക്കരുത്'; രൂക്ഷ വിമർശനവുമായി ബിഷപ് ജോസ് പുളിക്കൽ

കട്ടപ്പന: മലയോര മേഖലകളിലെ വന്യജീവി ആക്രമണ വിഷയത്തിൽ സർക്കാരിനും വനംവകുപ്പിനുമെതിരെ ആഞ്ഞടിച്ച് കാഞ്ഞിരപ്പള്ളി രൂപത മെത്രാൻ മാര്‍ ജോസ് പുളിക്കൽ. കണമലയിലെ കാട്ടുപോത്തിന്റെ ആക്രമണം ഒറ്റപ്പെട്ട സംഭവമാക്കാന്‍ വനംവകുപ്പ് ശ്രമിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് നിയമ ഭേദഗതി അത്യാവശ്യമാണ്. കാട്ടുപോത്തിന് വോട്ടവകാശം ഇല്ലെന്ന് സർക്കാരും ബന്ധപ്പെവരും മറക്കരുത്. കാട്ടുപോത്ത് നിയമസഭയിലോ പാർട്ടി ഓഫിസിലോ കയറിയാൽ നോക്കി നിൽക്കുമോ എന്നും മാര്‍ ജോസ് പുളിക്കൽ കട്ടപ്പനയിൽ ചോദിച്ചു.
ജനപ്രതിനിധികളെ നിയമസഭയിലേക്ക് തെരഞ്ഞെടുത്ത് വിട്ടത് വന്യജീവികളല്ല. കഴിഞ്ഞ ദിവസം കാട്ടുപോത്തിന്റെ ആക്രമണത്തിൽ കർഷകർ മരിച്ചത് ബഫർ സോണിലാണെന്ന് മറക്കരുത്. കാട്ടുപോത്ത് പാർട്ടി ഓഫീസിലോ നിയമസഭയിലോ കയറിയിരുന്നെങ്കിൽ പെട്ടന്ന് തീരുമാനം ഉണ്ടായിരുന്നേനെ.
അന്യായമായി കർഷകരെ കൊന്നൊടുക്കാൻ കൂട്ട് നിൽക്കുന്ന വനപാലകർക്കെതിരെ ശക്തമായി പ്രതികരിക്കും. കർഷകരെ എച്ചിൽ കൊടുത്ത് ഇറക്കിവിടുന്ന വനംവകുപ്പിന് കൂടചൂടാൻ തങ്ങളില്ല. റീബില്‍ഡ് കേരള പദ്ധതിയോടു ചേര്‍ത്ത് 15 ലക്ഷം രൂപ കൊടുത്ത് വീടും സ്വത്തുവകളും മേടിച്ച് വനംവകുപ്പ് പല നാടുകളില്‍ നിന്ന് കര്‍ഷകരെ കുടിയിറക്കാന്‍ ശ്രമിക്കുന്നുണ്ട്.
വനംവന്യജീവി വകുപ്പ് പുറത്തുവിട്ട കണക്കുപ്രകാരം കഴിഞ്ഞ ആറു വര്‍ഷങ്ങള്‍ക്കിടെ 735 പേരാണ് കേരളത്തില്‍ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 2021 ജൂണ്‍ മുതല്‍ ഡിസംബര്‍ 22 വരെയുള്ള കുറഞ്ഞനാള്‍കൊണ്ട് 123 പേര് കൊല്ലപ്പെട്ടു.
വന്യജീവികള്‍ നാട്ടിലേക്കിറങ്ങിവന്ന് സാധാരണക്കാരെ കൊലപ്പെടുത്തിയ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ വനംവകുപ്പോ സര്‍ക്കാരോ രാഷ്ട്രീയക്കാരോ തയാറാകുമോ. കര്‍ഷകരുടെ രക്ഷയാണ് ഇന്‍ഫാമിന്റെ രാഷ്ട്രീയമെന്നും ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ പ്രതീക്ഷിക്കാവുന്ന ശക്തമായ മുന്നേറ്റങ്ങളുടെ തുടക്കമാണ് ഈ സമ്മേളനമെന്നും മാർ ജോസ് പുളിക്കൽ വ്യക്തമാക്കി.
ഈ മാസം 19 നായിരുന്നു ജനവാസമേഖലയിലിറങ്ങിയ കാട്ടുപോത്ത് രണ്ടു പേരെ കൊലപ്പെടുത്തിയത്. കണമല സ്വദേശി പുറത്തേൽ ചാക്കോ (65), തോമസ് (60) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കേയായിരുന്നു തോമസിന്റെ മരണം.
എന്നാല്‍ കാട്ടുപോത്തിന് നായാട്ടുസംഘത്തിന്റെ വെടിയേറ്റിരുന്നെന്നായിരുന്നു വനംവകുപ്പിന്റെ വാദം. ഇത് കാഞ്ഞിരപ്പള്ളി രൂപതയും നാട്ടുകാരും തള്ളിയിരുന്നു. കാട്ടുപോത്ത് ആക്രമണത്തിൽ വനംവകുപ്പിനെതിരെ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് നായാട്ടുസംഘം വേട്ടയാടിയെന്ന വനംവകുപ്പിന്റെ വാദം.
പോത്തിനെ വെടിവെച്ചവരെ ഉടൻ പിടികൂടുമെന്നും ഇവർക്കെതിരെ കൊലപാതക പ്രേരണ കുറ്റം ചുമത്തുമെന്നുമാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു.