×

സിറോ മലബാര്‍ സഭാ അധ്യക്ഷനായി മാര്‍ റാഫേല്‍ തട്ടിലിനെ തിരഞ്ഞെടുത്തു

google news
Sb

കൊച്ചി : സിറോ മലബാര്‍സഭയുടെ മേജര്‍ ആര്‍ച്ച്‌ബിഷപ്പായി മാര്‍ റാഫേല്‍ തട്ടിലിനെ തെരഞ്ഞെടുത്തു. മുപ്പത്തിരണ്ടാമത് മെത്രാൻ സിനഡിന്റെ തീരുമാനം വാര്‍ത്താ സമ്മേളനത്തിലൂടെയാണ് അറിയിച്ചത്.കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി മേജര്‍ ആര്‍ച്ച്‌ ബിഷപ്പ് സ്ഥാനം രാജിവച്ചതിനെ തുടര്‍ന്ന് നടന്ന ആദ്യ സിനഡ് യോഗത്തിലാണ് സിറോ മലബാര്‍ സഭയുടെ 4-ാമത്തെ മേജര്‍ ആര്‍ച്ച്‌ ബിഷപ്പായി പ്രഖ്യാപിച്ചത്. നിലവില്‍ ഷംഷാബാദ് രൂപത ബിഷപ്പാണ് റാഫേല്‍ തട്ടില്‍. 

    

മാര്‍പാപ്പ അനുമതി നല്‍കിയതിന് പിന്നാലെയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. വത്തിക്കാനിലും കാക്കനാട് സെന്റ് തോമസ് മൗണ്ടിലും ഒരേ സമയമാണ് പ്രഖ്യാപനം നടന്നത്. മേജര്‍ ആര്‍ച്ച്‌ ബിഷപ്പിനെ പ്രഖ്യാപിച്ചതോടെ സിനഡ് സമ്മേളനം അവസാനിച്ചു. 
മേജര്‍ ആര്‍ച്ച്‌ ബിഷപ്പിനെ തിരഞ്ഞെടുക്കല്‍ മാത്രമാണ് സിനഡിന്റെ അജൻഡയെന്നു സിറോ മലബാര്‍ സഭ അഡ്മിനിസ്ട്രേറ്റര്‍ മാര്‍ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കല്‍ അറിയിച്ചിരുന്നു. സിറോ മലബാര്‍സഭയ്ക്ക് കീഴിലുള്ള 53 ബിഷപ്പുമാരാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. രഹസ്യ ബാലറ്റിലൂടെയാണ് തെരഞ്ഞെടുപ്പ് നടന്നത്. എല്ലാവരുടേയും സ്നഹവും സഹകരണവും പ്രതീക്ഷിക്കുന്നതായി റാഫേല്‍ തട്ടില്‍ പറഞ്ഞു. മെത്രാൻ ഒരു സ്വകാര്യ സ്വത്തല്ല, എല്ലാവരും ഒപ്പമുണ്ടാകണം.കുറവുകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കുന്ന ശൈലി നമുക്ക് ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. നാളെ 2.30 ന് സ്ഥാനാരോഹണ ചടങ്ങ് മൗണ്ട് സെന്റ് തോമസില്‍ നടക്കും.
    
1956 ഏപ്രില്‍ 21-ന് തൃശൂരില്‍ ജനിച്ച മാര്‍ റാഫേല്‍ തട്ടില്‍, വടവാതൂര്‍ സെമിനാരിയിലെ വിദ്യാഭ്യാസത്തിനുശേഷം 1980 ഡിസംബര്‍ 21-ന് പുരോഹിതനായി. തുടര്‍ന്ന് റോമിലെ പൊന്തിഫിക്കല്‍ ഓറിയെന്റല്‍ ഇൻസ്റ്റിട്യൂട്ടില്‍നിന്ന് പൗരസ്ത്യകാനോനികനിയമത്തില്‍ ഡോക്ടറേറ്റ് നേടിയിരുന്നു. മേരി മാതാ സെമിനാരിയുടെ റെക്ടറായി 1998 മുതല്‍ 2007 വരെ സേവനമനുഷ്ടിച്ചിട്ടുണ്ട്.  2010 ജനുവരി 18-ന് തൃശൂര്‍ അതിരൂപതയുടെ സഹായമെത്രാനായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 2010 ഏപ്രില്‍ 10-ന് മെത്രാഭിഷേകം സ്വീകരിച്ചു. 2013 ഡിസംബര്‍ 23-ന് അപ്പസ്തോലിക വിസിറ്ററ്ററായി നിയമിച്ചു. 2017 ഒക്ടോബര്‍ 10-ന് രൂപതയുടെ പ്രഥമ മെത്രാനായി നിയമിച്ചു.
 
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു