×

മാത്യു കുഴൽനാടൻ ദുരൂഹതയുടെ ആൾരൂപം: സി.വി.വർഗീസ്

google news
Sb
തൊടുപുഴ: ദുരൂഹതയുടെ ആൾരൂപമാണ് കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടനെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വർഗീസ്. മാന്യതയുണ്ടെങ്കിൽ സർക്കാരിന്റെ ഭൂമി വിട്ടുകൊടുക്കാൻ മാത്യു തയാറാകണമെന്നും സി.വി.വർഗീസ് പറഞ്ഞു.‘‘ഹോം സ്റ്റേ ആണ് നടത്തുന്നതെന്നാണ് അദ്ദേഹം പറയുന്നത്. ഹോം സ്റ്റേ നടത്തണമെങ്കിൽ ഹോം സ്റ്റേയുടെ ഉടമസ്ഥർ അവിടെ താമസിക്കുന്നവരാകണം. ഹോം സ്റ്റേയ്ക്കുള്ള ലൈസൻസാണ് മാത്യു എടുത്തിരിക്കുന്നത്. എന്നിട്ടാണ് അദ്ദേഹം റിസോർട്ട് നടത്തുന്നത്. എല്ലാം കൊണ്ടും മാത്യു കുഴൽനാടൻ ദുരൂഹതയുടെ ആളാണ്’’–വർഗീസ് പറഞ്ഞു. ചിന്നക്കനാലിൽ 50 സെന്റ് സർക്കാർ ഭൂമി കയ്യേറിയെന്നു ചൂണ്ടിക്കാട്ടി റവന്യൂ വകുപ്പ് എംഎൽഎയ്‌ക്കെതിരെ കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് സി.വി.വർഗീസിന്റെ രൂക്ഷപ്രതികരണം. 
      
മാത്യു കുഴൽനാടന്റെ സമ്പത്തിന്റെ ഉറവിടം എന്താണെന്നും ഇടുക്കി ജില്ലയിലെ ജനങ്ങളെ ഒറ്റുകൊടുത്ത് ഉണ്ടാക്കിയ സമ്പത്താണ് അദ്ദേഹത്തിന് ഉള്ളതെന്നും വർഗീസ് കുറ്റപ്പെടുത്തി. ‘‘ലൈസൻസ് വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞ് മാത്യു കുഴൽനാടൻ അഞ്ചുകോടി വാങ്ങിയെന്നു ഒരു പാറമടക്കാരൻ പറഞ്ഞു. ഇടുക്കി ജില്ലയിലെ ജനതയെ ഒരു നല്ല കറവപ്പശുവായി അദ്ദേഹം ഉപയോഗിച്ചു. അതിന്റെ ഭാഗമായി ഭൂമി വാങ്ങി. മാന്യതയുണ്ടെങ്കിൽ ഭൂമി വിട്ടുനൽകണം. ഒരു സാധാരണ മനുഷ്യൻ ഭൂമി വാങ്ങിയാൽ അതിന്റെ അതിരുകൾ തിട്ടപ്പെടുത്തും. അതു മാത്യു കുഴൽനാടനും ബാധകമാണ്. കളവിന്റെ ആൾരൂപമാണ് മാത്യു കുഴൽനാടൻ. ആ ഭൂമി സർക്കാർ ഏറ്റെടുത്ത് ഭൂരഹിതരായ ആളുകൾക്ക് കൊടുക്കണം.’’– സി.വി.വർഗീസ് പറഞ്ഞു. വിദേശത്ത് 10 കമ്പനികൾ മാത്യു കുഴൽനാടന് ഉണ്ട്. ഒരു അഭിഭാഷകന്‍ വക്കീൽ ജോലിക്കിടയിൽ സമാന്തരമായി മറ്റൊരു ബിസിനസ് നടത്താൻ പാടില്ല. ഇത് മാത്യു കുഴൽനാടന് ബാധകമല്ലേയെന്നും സി.വി.വർഗീസ് ചോദിച്ചു.
   
മാത്യു കുഴൽനാടന്റെ ഉടമസ്ഥതയിൽ ചിന്നക്കനാൽ സൂര്യനെല്ലിയിൽ പ്രവർത്തിക്കുന്ന എറ്റേർ‌നോ കപ്പിത്താൻ റിസോർട്ടിനോടു ചേർന്ന് 50 സെന്റ് ഭൂമി കയ്യേറിയെന്നാണ് റവന്യൂ വകുപ്പിന്റെ കണ്ടെത്തൽ. ഈ 50 സെന്റ് സർക്കാർ ഭൂമി തിരികെപ്പിടിക്കാൻ ഇടുക്കി കലക്ടർ നിർദേശം നൽകിയിരുന്നു. കയ്യേറ്റം ചൂണ്ടിക്കാണിച്ച് ഉടുമ്പൻചോല ഭൂരേഖാ തഹസിൽദാർ നൽകിയ റിപ്പോർട്ട് അംഗീകരിച്ചാണ് കലക്ടറുടെ നടപടി. ഇതിനിടെയാണ് ഭൂമി കയ്യേറ്റത്തിൽ കേസും റജിസ്റ്റർ ചെയ്തത്.