മാവേലി എക്സ്പ്രസിൽ യാത്രക്കാരനെ പോലീസ് മർദിച്ച സംഭവം: അന്വേഷണത്തിന് സ്പെഷൽ ബ്രാഞ്ച് എ സി പിയെ ചുമതലപ്പെടുത്തി

police brutality towards a passenger in maveli express

കണ്ണൂർ: മാവേലി എക്സ്പ്രസിൽ യാത്രക്കാരനെ പോലീസ് ക്രൂരമായി മർദിച്ച സംഭവം പരിശോധിക്കാൻ സ്പെഷൽ ബ്രാഞ്ച് എ സി പിയെ ചുമതലപ്പെടുത്തിയതായി കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ അറിയിച്ചു. സംഭവത്തിൽ റെയിൽ വേ പോലീസും അന്വേഷണം ആരംഭിച്ചതായി സിറ്റി പോലീസ് കമ്മിഷണർ വ്യക്തമാക്കി.

കേരള പോലീസിൽ നിന്ന് ഡെപ്യൂട്ടേഷനിൽ പോകുന്ന ഉദ്യോഗസ്ഥരാണ് സർക്കാർ റെയിൽവേ പോലീസിൽ ജോലിചെയ്യുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ചൈത്ര തെരേസ ജോണാണ് റെയിൽവേ പോലീസ് എസ് പി. യാത്രക്കാരുടെ സംരക്ഷണം കേരള റെയിൽവേ പോലീസിനും റെയിൽവേയുടെ വസ്തുക്കളുടെ സംരക്ഷണം കേന്ദ്ര റെയിൽ സുരക്ഷാ സേനക്കുമാണ്.

ഇതിനിടെ യാത്രക്കാരനെ പോലീസ് മർദിച്ച സംഭവത്തിൽ ടി ടി ഇ റിപ്പോർട്ട് നൽകി. പാലക്കാട് ഡിവിഷണൽ മാനേജർക്കാണ് ടി ടി ഇ കുഞ്ഞഹമ്മദ് റിപ്പോർട്ട് നൽകിയത്. പോലീസ് ഇടപെട്ടത് യാത്രക്കാരായ സ്ത്രീകളുടെ പരാതിയെ തുടർന്നെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇപ്പോൾ പുറത്തുവന്ന ദൃശ്യങ്ങൾ പ്രകാരം അച്ചടക്ക നടപടിയെടുക്കണമെങ്കിൽ അതിന്‍റെ അധികാരപരിധി ഏതാണെന്ന് തീരുമാനിക്കണം. സംഭവത്തിൽ മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടോയെന്നും പരിശോധിക്കണം എന്ന് കമ്മീഷണർ വ്യക്തമാക്കി.

സ്ലീപ്പര്‍ ടിക്കറ്റില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മാവേലി എക്‌സ്പ്രസില്‍ വെച്ച് യാത്രക്കാരെ ബൂട്ടിട്ട് പോലീസ് ചവിട്ടിയത്. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. മര്‍ദനത്തിനിടെ ഓടിക്കൊണ്ടിരുന്ന ട്രെയിനിൻ്റെ വാതില്‍ക്കലേക്ക് യാത്രക്കാരനെ ചവിട്ടി മാറ്റുന്നതും ദൃശ്യങ്ങളില്‍ കാണാം. ദൃശ്യങ്ങള്‍ പുറത്തായതോടെ മോശമായി പെരുമാറിയിട്ടില്ലെന്ന വിശദീകരണവുമായി എഎസ്‌ഐ പ്രമോദ് രംഗത്തെത്തി.