കത്ത് വിവാദത്തിൽ അന്വേഷണം വൈകും; മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ചിന് സമയം അനുവദിക്കാതെ മേയർ

arya
 

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം വൈകും. അന്വേഷണത്തിലെ പ്രാഥമിക നടപടി പരാതിക്കാരിയായ മേയര്‍ ആര്യ രാജേന്ദ്രന്റെ മൊഴിയെടുക്കലാണ്. ഇതിനായി സമയം ചോദിച്ച് ക്രൈംബ്രാഞ്ച് കഴിഞ്ഞദിവസം മേയറെ സമീപിച്ചിരുന്നെങ്കിലും ഇതുവരെ സമയം നല്‍കിയിട്ടില്ല. ഇതോടെ അന്വേഷണം തുടങ്ങാനാകാത്ത സ്ഥിതിയിലാണ് ക്രൈംബ്രാഞ്ച്.


മേയറുടെ മൊഴി രേഖപ്പെടുത്തിയാൽ മാത്രമേ അന്വേഷണം മുന്നോട്ടു പോകൂ. കത്ത് വാട്സാപ്പിലൂടെയാണു പ്രചരിക്കപ്പെട്ടത്. കത്തിന്റെ നിജസ്ഥിതി അറിയാൻ ഏതു രീതിയിലുള്ള ശാസ്ത്രീയ പരിശോധനയാണു വേണ്ടതെന്നും ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടില്ല. ക്രൈംബ്രാഞ്ച്  എസ്പി മധുസൂദനന്റെ നേതൃത്വത്തിലാണു കേസ് അന്വേഷണം. പൊലീസ് അന്വേഷിക്കേണ്ട കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയത് കേസ് അട്ടിമറിക്കുന്നതിനു വേണ്ടിയാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. 

സിപിഎമ്മിനെ നാണക്കേടിലാക്കിയ കോർപറേഷൻ കത്തു വിവാദത്തിൽ കഴിഞ്ഞ ദിവസമാണ് അന്വേഷണം ആവശ്യപ്പെട്ട് മേയർ ആര്യ രാജേന്ദ്രൻ മുഖ്യമന്ത്രി പിണറായി വിജയനെ സമീപിച്ചത്. ഇതിനു പിന്നാലെ അന്വേഷണം ഏറ്റെടുക്കാൻ ക്രൈംബ്രാഞ്ചിനോടു സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് ഉത്തരവിട്ടു. 
 
അതേസമയം, മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം പരാതിയില്‍ അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് കേസെടുക്കാതെ വസ്തുതാ അന്വേഷണത്തിന് മാത്രമാണ് ഒരുങ്ങുന്നത്. കത്ത് വിവാദത്തില്‍ പാര്‍ട്ടിയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും തത്ക്കാലം മുന്നോട്ടുപോകേണ്ടെന്നാണ് നേതൃതലത്തിലെ ധാരണ. വേഗത്തില്‍ നടപടിയിലേക്ക് പോയാല്‍ ആരോപണങ്ങളും മാധ്യമവാര്‍ത്തകളും ശരിയാണെന്ന് സ്ഥാപിച്ചുകൊടുക്കലാകും സംഭവിക്കുകയെന്നാണ് സിപിഎം നേതൃത്വം പറയുന്നത്.