കൗമാരക്കാരുടെ വാക്‌സിനേഷന് സംസ്ഥാനം സജ്ജമെന്ന് മന്ത്രി വീണാ ജോര്‍ജ്

veena george
തിരുവനന്തപുരം;കൗമാരക്കാരുടെ വാക്‌സിനേഷന് സംസ്ഥാനം സജ്ജമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. വാക്‌സിനേഷനുള്ള ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേക വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണുള്ളത്. കുട്ടികളുടെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിൽ പിങ്ക് ബോര്‍ഡ് ഉണ്ടാകും. മുതിര്‍ന്നവരുടേത് നീല നിറമാണ്. ബോര്‍ഡുകള്‍ വാക്‌സിനേഷന്‍ കേന്ദ്രത്തിന്റെ പ്രവേശന കവാടം, രജിസ്‌ട്രേഷന്‍ സ്ഥലം, വാക്‌സിനേഷന്‍ സ്ഥലം എന്നിവിടങ്ങളില്‍ ഉണ്ടായിരിക്കും.

എല്ലാ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും ഡോക്ടറുടെ സേവനമുണ്ടാകും. മറ്റസുഖങ്ങളോ അലര്‍ജിയോ ഉണ്ടെങ്കില്‍ വാക്‌സിന്‍ സ്വീകരിക്കുന്നതിന് മുമ്പ് അറിയിക്കണം. 15 മുതല്‍ 18 വയസുവരെയുള്ള 15.34 ലക്ഷം കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെയാണ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക. കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷം കേന്ദ്രത്തില്‍ എത്തുക. അവരവര്‍ രജിസ്റ്റര്‍ ചെയ്ത വിവരങ്ങളാണ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ ഉണ്ടാകുക. പിന്നീടുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ തെറ്റുകൂടാതെ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.