ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: ഹൈക്കോടതി വിധി നടപ്പാക്കണമെന്ന് ജോസ് കെ.മാണി

ചർച്ചകൾ പൂർത്തിയായിട്ടില്ല; പോസിറ്റീവായ പ്രതികരണമാണ് ലഭിക്കുന്നതെന്ന് ജോസ്. കെ. മാണി

കോട്ടയം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിധി നടപ്പാക്കണമെന്നാണ് കേരള കോണ്‍ഗ്രസിന്റെ അഭിപ്രായമെന്ന് ജോസ് കെ.മാണി. ഏതെങ്കിലും വിഭാഗങ്ങള്‍ക്ക് ഇതുകൊണ്ട് നഷ്ടമുണ്ടായാല്‍ പ്രത്യേക പാക്കേജ് നടപ്പാക്കണം. ഇടതുമുന്നണിയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും ജോസ് കെ.മാണി പറഞ്ഞു. 

ന്യൂനപക്ഷവകുപ്പ് വഴി ലഭിക്കുന്ന ആനുകൂല്യങ്ങള്‍ തുല്യമായി നല്‍കണം എന്നാണ് നിയമം പറയുന്നത്. അത് ഭരണഘടനാപരമായി പറയുന്നതാണ്. അതുകൊണ്ടാണ് കോടതി അത് പരിശോധിച്ചിട്ട് ഇങ്ങനെ ഒരു തീരുമാനമെടുത്തിരിക്കുന്നത്. ഇനി ഇതിനകത്ത് ഏതെങ്കിലും ന്യൂനപക്ഷ സമുദായത്തിന് എന്തെങ്കിലും കുറവുകളാണ് ഉണ്ടാവുന്നതെങ്കില്‍ അത് ഒരു പാക്കേജായി സാമൂഹിക ക്ഷേമവകുപ്പ് വഴി അതുമായി ബന്ധപ്പെട്ട് കൊടുക്കാന്‍ കഴിയണമെന്ന് ജോസ് കെ.മാണി പറഞ്ഞു.

80:20 എന്ന ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അനുപാതം റദ്ദാക്കിയ കോടതി വിധിയില്‍ ഏറെ കൂടിയാലോചനകള്‍ നടത്തിയാണ് കേരള കോണ്‍ഗ്രസ് എം നിലപാട് സ്വീകരിച്ചത്. വിധി നടപ്പാക്കണമെന്ന അഭിപ്രായം പാര്‍ട്ടി ഇന്നലെ സര്‍വ്വകക്ഷി യോഗത്തില്‍ അറിയിച്ചിരുന്നു. 

എന്നാല്‍ എല്‍ഡിഎഫിനുള്ളില്‍ തന്നെ വ്യത്യസ്ത അഭിപ്രായവുമുണ്ട്. സ്‌കോളര്‍ഷിപ്പ് പുനഃസ്ഥാപിക്കണമെന്നാണ് ഐഎന്‍എല്‍ സര്‍വകക്ഷി യോഗത്തില്‍ അഭിപ്രായപ്പെട്ടത്.