ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: വിധി നിരാശയുണ്ടാക്കുന്നത്, സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്ന് കാന്തപുരം

kanthapuram 29/5

തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80: 20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി കേരളത്തിലെ മുസ്ലീം സമുദായത്തിന് വേദനയും നിരാശയും ഉണ്ടാക്കുന്നതെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥ പ്രാതിനിധ്യത്തില്‍ മുസ്ലീം സമുദായത്തിനുള്ള ഭീമമായ കുറവിന് കാരണം വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥയാണ്.

ഹൈക്കോടതി റദ്ദാക്കിയ സ്‌കോളര്‍ഷിപ്പിന്റെ ലക്ഷ്യം മുസ്ലീം വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കലാണ്. സാങ്കേതിക കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് സ്‌കോളര്‍ഷിപ്പിനെ റദ്ദാക്കരുതെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഇന്നലെയാണ് സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80: 20 അനുപാതം ഹൈക്കോടതി റദ്ദാക്കിയത്. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുളള ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകളുടെ അവകാശം 80 ശതമാനം മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും 20 ശതമാനം പിന്നാക്ക ക്രൈസ്തവ വിഭാഗങ്ങള്‍ക്കും നിശ്ചയിച്ചുളള സര്‍ക്കാര്‍ ഉത്തരവായിരുന്നു ഇത്.