ന്യൂനപക്ഷ സ്‌കേളര്‍ഷിപ്പ്; ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കണമെന്ന് മുഖ്യമന്ത്രിയോട് മുസ്‌ലിം സംഘടനകള്‍

pinarayi

തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളര്‍ഷിപ്പിലെ ഹൈക്കോടതി വിധിക്കെതിരെ അപ്പില്‍ നല്‍കണമെന്നാവശ്യപ്പെട്ട് മുസ്ലിം സംഘടനാ നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. സമുദായത്തിന് ലഭിക്കേണ്ട 100 ശതമാനം ആനുകൂല്യങ്ങള്‍ ലഭിക്കണം. വ്യത്യസ്ത വിഭാഗങ്ങള്‍ക്കുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ വ്യക്തമാക്കുന്ന ധവളപത്രം പ്രസിദ്ധീകരിക്കണമെന്നും കത്തില്‍ പറയുന്നു.

സമസ്ത ഇ.കെ, എ.പി വിഭാഗങ്ങളും ജമാഅത്തെ ഇസ്‌ലാമിയും, മുജാഹിദ് സംഘടനകളും എം.ഇ.എസ് അടക്കമുള്ളവരും ചേര്‍ന്നാണ് കത്തയച്ചത്.

മദ്രസ അദ്ധ്യാപകര്‍ക്ക് ശമ്ബള ഇനത്തിലും മറ്റും കോടിക്കണക്കിന് രൂപ സര്‍ക്കാര്‍ വിതരണം ചെയ്യുന്നെന്ന തെറ്റായ പ്രചാരണത്തിന്റെ നിജസ്ഥിതി ബോധ്യപ്പെടുത്തുക. വര്‍ഗീയ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, ജിഫ്രി മുത്തുക്കോയ തങ്ങള്‍, എം.ഐ അബ്ദുല്‍ അസീസ്, ടി.പി അബ്ദുള്ളക്കോയ മദനി, തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി, ഫസല്‍ ഗഫൂര്‍ തുടങ്ങിയവര്‍ കത്തില്‍ ഒപ്പിട്ടിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്‍റെ കീഴിലുളള ന്യൂനപക്ഷ സ്കോളര്‍ഷിപ്പുകളുടെ അവകാശം 80 ശതമാനം മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും 20 ശതമാനം പിന്നാക്ക ക്രൈസ്തവ വിഭാഗങ്ങള്‍ക്കും നിശ്ചയിച്ചുളള സര്‍ക്കാര്‍ ഉത്തരവ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് ദിവസങ്ങള്‍ക്ക് മുമ്ബാണ് റദ്ദാക്കിയത്. 2015ലെ ഈ ഉത്തരവ് വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്നുമായിരുന്നു കണ്ടെത്തല്‍.