യൂത്ത് കോൺഗ്രസിന്റെ പിന്മാറ്റം; അന്വേഷണ കമ്മിഷനെ വെക്കണമെന്ന് എം.കെ രാഘവൻ; പിന്തുണച്ച് തരൂർ

tharoor
 

കോഴിക്കോട്: താൻ പങ്കെടുക്കുന്ന പരിപാടിയിൽ നിന്ന് യൂത്ത് കോൺഗ്രസ് പിൻമാറിയതില്‍ അന്വേഷണം വേണമെന്ന് ശശി തരൂർ. ഇത്തരം പരിപാടി മുടക്കാൻ ആര് ശ്രമിച്ചാലും കണ്ടെത്തണം. എംകെ രാഘവന്റെ ആവശ്യത്തോട് പൂർണമായി യോജിക്കുന്നു. സ്ഥലം എംപി എന്ന നിലയിൽ എം.കെ രാഘവന് അന്വേഷണത്തിന് ആവശ്യപ്പെടാൻ അവകാശമുണ്ടെന്നും തരൂർ പറഞ്ഞു.


സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും എന്ന വിഷയത്തിലുളള കോഴിക്കോട്ടെ  പരിപാടിയുടെ സംഘാടനത്തില്‍ നിന്ന്, കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ നിര്‍ദ്ദേശാനുസരണം ,യൂത്ത് കോണ്‍ഗ്രസ് പിന്‍മാറിയിരുന്നു. ഇതേകുറിച്ച് അന്വേഷണം വേണമെന്ന് ശശി തരൂര്‍ ആവശ്യപ്പെട്ടു. പരിപാടിക്ക് അനാവശ്യ വിവാദം സൃഷ്ടിച്ചത് ശരിയായില്ല.യൂത്ത് കോൺഗ്രസിന്‍റെ  പിൻമാറ്റത്തെക്കുറിച്ച് അന്വേഷിക്കണമെന്ന എം കെ രാഘവന്‍റെ  ആവശ്യത്തെ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം വേണമെന്ന ശശി തരൂരിന്‍റേയും എംകെ രാഘവന്‍റേയും ആവശ്യത്തെ കരഘോഷത്തോടെയാണ് കോൺഗ്രസ് പ്രവർത്തകർ സ്വീകരിച്ചത്.

പരിപാടി സംഘടിപ്പിക്കുന്നതിൽ നിന്ന് യൂത്ത് കോൺഗ്രസിനെ മാറ്റിയതിൽ കെ.പി.സി.സി അന്വേഷണ കമ്മീഷനെ നിയോഗിക്കണമെന്ന് എംകെ രാഘവൻ എംപി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് കോൺഗ്രസ് അധ്യക്ഷനും സോണിയക്കും രാഹുലിനും കെ.പി.സി.സി അധ്യക്ഷനും പരാതി നൽകും, പാർട്ടിയെ ശക്തിപ്പെടുത്താൻ വന്ന നേതാവിനെ വിലക്കിയത് എന്തിനെന്ന് മനസ്സിലാകുന്നില്ലെന്നും എം.കെ രാഘവൻ കൂട്ടിച്ചേർത്തു.


എല്ലാവരോടും ചർച്ച ചെയ്ത് തന്നെയാണ് തരൂരിന്‍റെ  പരിപാടി പ്ലാൻ ചെയ്തതെന്ന് എം.കെ രാഘവൻ എംപി വ്യക്തമാക്കി. യൂത്ത് കോൺഗ്രസ് ,സെമിനാറിൽ നിന്ന് പിന്മാറിയതിനെക്കുറിച്ച് അന്വേഷിക്കണാനുള്ള  കമ്മീഷനെ കെപിസിസി അധ്യക്ഷൻ നിയോഗിക്കണം. ഇല്ലെങ്കിൽ പാർട്ടി വേദികളിൽ തനിക്ക് കാര്യങ്ങൾ തുറന്നു പറയേണ്ടി വരുമെന്ന് എം.കെ രാഘവൻ പറഞ്ഞു. സംഭവിച്ചത് ഏറെ ഗൗരവകരമായ കാര്യമാണ്. ഈ വിഷയത്തിൽ കെ. സുധാകരനും കെ. മുരളീധരനും സ്വീകരിച്ച നിലപാടുകൾ സ്വാഗതാർഹമാണ്. ഇന്നുതന്നെ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പരാതി നൽകുമെന്നും എം കെ രാഘവൻ വ്യക്തമാക്കി.
 
 

പരിപാടിയുടെ വേദിയിൽ വെച്ച് കോൺ​ഗ്രസ് എം.പി ശശി തരൂരിന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അഭിവാദ്യമർപ്പിച്ചു. ഒരു വിഭാഗം കോൺഗ്രസ് – യൂത്ത് കോൺഗ്രസ് നേതാക്കൾ കോഴിക്കോട് നടക്കുന്ന തരൂരിന്റെ പരിപാടിയിൽ പങ്കെടുക്കുകയാണ്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദുൽഖിഫിൽ, വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി, ഡി.സി.സി ജനറൽ സെക്രട്ടറി ഐ.പി രാജേഷ് എന്നിവർ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. തരൂർ പങ്കെടുക്കുന്ന ജവഹർ യൂത്ത് ഫൗണ്ടേഷൻ പരിപാടിയിലാണ് പ്രവർത്തകർ പങ്കെടുക്കുന്നത്.

കേരള രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി തരൂർ നടത്തുന്ന ജില്ലാ പര്യടനങ്ങൾക്ക് അപ്രഖ്യാപിത വിലക്കുണ്ടെന്ന പ്രചാരണങ്ങൾക്കിടെയാണ് തരൂരിന്റെ കോഴിക്കോട്ടെ പരിപാടി പുരോ​ഗമിക്കുന്നത്. ഇന്നു മുതൽ 4 ദിവസമാണ് കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ തരൂരിന്റെ പര്യടനം നടക്കുന്നത്.