'സിപിഎമ്മിനെ ഇതുപോലെ ദ്രോഹിച്ച മറ്റൊരു നേതാവില്ല'; പി ടി തോമസിനെ രൂക്ഷമായി വിമര്‍ശിച്ച് എം എം മണി

m m mani
 

ഇടുക്കി: അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി.ടി. തോമസിനെ രൂക്ഷമായി വിമര്‍ശിച്ച് എംഎല്‍എ എം.എം. മണി. സിപിഎമ്മിനെ ഇതുപോലെ ദ്രോഹിച്ച മറ്റൊരു കോണ്‍ഗ്രസ് നേതാവില്ലെന്നും മരിക്കുമ്പോള്‍ ഖേദം പ്രകടിപ്പിക്കുന്നത് ഒരു മര്യാദ മാത്രമാണെന്നും മണി പ്രതികരിച്ചു. ഇടുക്കിയില്‍ നടന്ന സിപിഎം പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് എംഎം മണിയുടെ വിമര്‍ശനം.

കസ്തൂരി രംഗൻ വിഷയത്തിൽ ഇടുക്കിയെ ഏറ്റവും കൂടുതൽ ദ്രോഹിച്ച ആളാണ് പി ടി തോമസെന്നും മണി കുറ്റപ്പെടുത്തി. ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പിടി തോമസും ചേര്‍ന്നാണ് തന്റെ പേരില്‍ കള്ളക്കേസെടുത്തത്. എന്നിട്ടിപ്പോള്‍ പുണ്യവാളനാണെന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കില്ലെന്നും എം.എം. മണി തുറന്നടിച്ചു.  


എം എം മണി പരസ്യമായി അപമാനിക്കുമെന്ന് പേടിച്ചാണ് ഇടുക്കിയിൽ നടക്കുന്ന ജില്ലാ സമ്മേളനങ്ങളിൽ നിന്ന് വിട്ട് നിൽക്കുന്നതെന്ന എസ് രാജേന്ദ്രന്‍റെ പ്രസ്താവനയോടും മണി പ്രതികരിച്ചു. തന്നെ പേടിച്ചാണ് രാജേന്ദ്രൻ സമ്മേളനത്തിൽ വരാതിരുന്നതെന്ന പ്രസ്താവന കേട്ടപ്പോൾ ചിരി വന്നു. രാജേന്ദ്രന് മൂന്നാം തവണ മത്സരിക്കാൻ അവസരം വാങ്ങി കൊടുത്തത് താനുംകൂടി ചേർന്നാണെന്നും മണി പറഞ്ഞു.