തൃശൂരില്‍ വയോധികന്‍റെ പോക്കറ്റിലിരുന്ന് പൊട്ടിത്തെറിച്ചത് ചൈനീസ് ഫോൺ; 1000 രൂപക്ക് വാങ്ങിയ മൊബൈൽ എന്ന്‍ വയോധികൻ

തൃശൂർ: ചായക്കടയിൽ വയോധികന്റെ പോക്കറ്റിലിരുന്ന് പൊട്ടിത്തെറിച്ചത് ചൈനീസ് മൊബൈൽ കമ്പനിയായ ഐ ടെൽ കമ്പനിയുടെ ഫോൺ. മരോട്ടിച്ചാൽ സ്വദേശി ഏലിയാസിന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്. ചായ കുടിക്കാനിരിക്കുന്നതിനിടെയാണ് ഫോൺ പൊട്ടിത്തെറിച്ച് വസ്ത്രത്തിൽ തീ ആളിപ്പടർന്നത്.
ഒരു വർഷം മുൻപ് വാങ്ങിയതാണ് മൊബൈൽ ഫോൺ. ആയിരം രൂപയ്ക്കാണ് ഫോൺ വാങ്ങിയത്. ഫോണിന് വാറന്റിയില്ലായിരുന്നുവെന്നാണ് വിവരം. ബനിയൻ ധരിച്ചിരുന്നത് കൊണ്ടാണ് അപകടത്തിൽ 76കാരന് പരിക്കേൽക്കാതെ രക്ഷപ്പെട്ടതെന്ന് 76 കാരനായ ഏലിയാസ് പ്രതികരിച്ചു.
ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് തീപടരുന്ന കണ്ട് വേഗത്തിൽ തല്ലിക്കെടുത്തിയെന്നാണ് ഏലിയാസ് പറഞ്ഞത്. ബാറ്ററി പൊട്ടിത്തെറിച്ചതാണ് അപകടമുണ്ടാകാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു.
തൃശൂർ ജില്ലയിലെ മരോട്ടിച്ചാലിൽ ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം നടന്നത്. ചായ കുടിക്കുന്നതിനായി ഏലിയാസ് ഹോട്ടലിൽ ഇരിക്കുമ്പോഴായിരുന്നു അപകടം. പോക്കറ്റില്‍ കിടന്ന മൊബൈൽ ഫോൺ പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. പിന്നാലെ തീ ഷർട്ടിലേക്കുൾപ്പെടെ പടർന്നു. പഴയ മോഡൽ ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ചതാന്നെന്നാണ് നിഗമനം. മറ്റുള്ളവർ ഫോൺ എടുത്തെറിഞ്ഞ് വെള്ളമൊഴിച്ച് തീ അണയ്ക്കുകയായിരുന്നു. ഉടൻ തന്നെ തീ തല്ലിക്കെടുത്തിയതിനാൽ ഏലിയാസിന് അപായമൊന്നും ഉണ്ടായില്ല.