മോഫിയ പർവീൻ്റെ ആത്മഹത്യ: ഭർത്താവും മാതാപിതാക്കളും റിമാൻഡിൽ

mofia

കൊച്ചി: ഗാർഹിക പീഡനം മൂലം മോഫിയ പർവീൻ ആത്മഹത്യ ചെയ്തതുമായ് ബന്ധപ്പെട്ട് പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മോഫിയയുടെ ഭ൪ത്താവ് സുഹൈൽ, സുഹൈലിൻ്റെ മാതാപിതാക്കളായ അച്ഛൻ യൂസഫ്, അമ്മ റുഖിയ എന്നിവരെയാണ് ആലുവ കോടതി റിമാൻഡ് ചെയ്തത്. ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാനുള്ള പോലീസിൻ്റെ അപേക്ഷ കോടതി പിന്നീട് പരിഗണിക്കും.

മോഫിയ പർവീൻ മരിച്ച വിവരം പുറത്ത് വന്നതോടെ കോതമംഗലത്തെ വീടും പൂട്ടി ഇവർ ഒളിവിൽ പോയിരുന്നു. കോതമംഗലത്തെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന ഇവരെ ഇന്നലെ പുലർച്ചയോടെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. കഴിഞ്ഞ ദിവസം അർധരാത്രിയോടെ പ്രതികൾ കോതമംഗലത്ത് ബന്ധുവീട്ടിലുണ്ടെന്ന് വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ തിരച്ചിലിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

മോഫിയ പർവീനിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഡി വൈ എസ് പിയുടെ റിപ്പോർട്ട് സിഐക്ക് അനുകൂലമായിരുന്നു. സിഐ സി എൽ സുധീറിന് വീഴ്ച പറ്റിയിട്ടില്ലെന്ന് എസ് പിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ ചെറിയ പാളിച്ചയുണ്ടായി. യുവതി ഭർത്താവിനെ സ്റ്റേഷനിൽ വച്ച് മർദിച്ചപ്പോൾ ശാസിക്കുക മാത്രമാണുണ്ടായതെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

സുധീറിനെതിരെ കോൺഗ്രസിൻ്റെ സമരം തുടരുകയാണ്. അൻവർ സാദത്തിൻ്റെ സാന്നിധ്യത്തിലാണ് ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ മുൻ സിഐ ആയ സി എൽ സുധീറിനെതിരെ കോൺഗ്രസിൻ്റെ കുത്തിയിരിപ്പ് സമരം ആരംഭിച്ചത്. ഇതിനു പിന്നാലെ എംപി ബെന്നി ബെഹനാൻ സമരത്തിനൊപ്പം ചേർന്നു. തുടർന്ന് ഇന്നലെ വൈകുന്നേരം സുധീറിനെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് വന്നെങ്കിലും അത് പോരെന്ന് സമരക്കാർ പറയുന്നു. സുധീറിനെ ജോലിയിൽ നിന്ന് പിരിച്ചുവിടണമെന്നും അറസ്റ്റ് ചെയ്യണമെന്നും കോൺഗ്രസ് പറയുന്നു.