എസ്.പിയെ കാണാനെത്തിയ മൊഫിയയുടെ സഹപാഠികളെ കസ്റ്റഡിയിലെടുത്തു; പിന്നീട് വിട്ടയച്ചു

എസ്.പിയെ കാണാനെത്തിയ മൊഫിയയുടെ സഹപാഠികളെ കസ്റ്റഡിയിലെടുത്തു; പിന്നീട് വിട്ടയച്ചു
 


കൊച്ചി: ആലുവയിൽ സ്ത്രീധനപീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത മോഫിയയുടെ സഹപാഠികളെ പൊലീസ് വിട്ടയച്ചു. പതിനേഴ് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. എസ് പി ഓഫിസിന് മുന്നിൽ കുത്തിയിരുന്നതിനെ തുടർന്നാണ് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.  ( mofiya parveen classmates freed )

വിദ്യാർത്ഥികള്‍ക്കെതിരെ കേസെടുക്കില്ലെന്നും ആലുവ എസ്.പിയെ കണ്ട് പരാതി നൽകാനുള്ള സൗകര്യം ചെയ്തു കൊടുക്കാമെന്നും പൊലീസ് ഉറപ്പ് നല്‍കി. നാല് പേർക്ക് എസ്പിയെ കാണാൻ അനുവാദം നൽകിയിട്ടുണ്ട്. ഇവരെ എസ്.പി ഓഫീസിലെത്തിച്ചു.

തങ്ങൾ സമാധാനപരമായാണ് എസ്പി ഓഫിസിന് മുന്നിൽ സമരം നടത്തിയതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. തങ്ങളുടെ കൂട്ടത്തിലുള്ള സ്ത്രീകളെയടക്കം വലിച്ചിഴച്ചാണ് പൊലീസ് കൊണ്ടുപോയതെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു. സമരം ചെയ്യാന്‍ നിങ്ങളാരാണെന്നും എല്‍.എല്‍.ബി ഭാവി കളയുമെന്നും ഭീഷണിപ്പെടുത്തിയതായും അവര്‍ പറയുന്നു. 

തങ്ങളുടെ ഭാഗത്ത് നിന്ന് യാതൊരു തരത്തിലുള്ള പ്രകോപനവും ഉണ്ടായിരുന്നില്ലെന്നും എന്നിട്ടും വിദ്യാര്‍ഥിനികളെയടക്കം വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തില്‍ കയറ്റിയതെന്നും വിദ്യാര്‍ഥികള്‍ കൂട്ടിച്ചേര്‍ത്തു.

മോഫിയയുടെ മരണവുമായി ബന്ധപ്പെട്ട് ആലുവ എസ്പി ഓഫിസിലേക്കുള്ള കോൺഗ്രസ് പ്രതിഷേധ മാർച്ചിലും സംഘർഷമുണ്ടായി. എസ്പി ഓഫിസിന് സമീപം മാർച്ച് തടഞ്ഞു. പൊലീസിന് നേരെ കല്ലേറും നടന്നു. ബാരിക്കേഡ് തകർക്കാൻ പ്രവർത്തകരുടെ ശ്രമത്തിനിടെ പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. നിരവധി കോൺഗ്രസ് പ്രവർത്തകർക്ക് സംഭവത്തിൽ പരുക്കേറ്റു. ആലുവ സി.ഐ സി.എൽ.സുധീറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം നടന്നത്.