മൊഫിയയുടെ ആത്മഹത്യ: സ്ത്രീകളോട് അപമര്യാദയായി പെരുമാറാനുള്ള എന്തു ലൈസന്‍സാണ് പോലീസിനുള്ളത്?: വി ഡി സതീശൻ

mofia and v d satheesan

തിരുവനന്തപുരം: ഭര്‍തൃവീട്ടുകാർക്കൊപ്പം ചേര്‍ന്ന് പെണ്‍കുട്ടിയെയും പിതാവിനെയും അപമാനിക്കുന്ന തരത്തില്‍ പോലീസ് സംസാരിച്ചതാണ് ആലുവയില്‍ മൊഫിയ ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇക്കാര്യം മൊഫിയയുടെ പിതാവാണ് പറഞ്ഞത്. കേരളത്തിലെ ഒരു പോലീസ്റ്റേഷനിലും പ്രതിയായ പെണ്‍കുട്ടികള്‍ക്ക് പോലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് നടന്നത്. വാദിയായി എത്തിയ പെണ്‍കുട്ടിയോട് ഏറ്റവും മോശമായ രീതിയിലാണ് പോലീസ് പെരുമാറായതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. 

തെറ്റായ നടപടികളെടുക്കുന്ന ഉദ്യോഗസ്ഥരെ മുഴുവന്‍ സംരക്ഷിക്കേണ്ട എന്തു ബാധ്യതയാണ് മുഖ്യമന്ത്രിക്കുള്ളത്? എം ജി സര്‍വകലാശാലയില്‍ പരസ്യമായി അപമാനിക്കപ്പെട്ട എഐഎസ്എഫ് വനിതാ നേതാവിന് പോലും നീതി നിഷേധിക്കപ്പെട്ടു. പിന്നെ ആര്‍ക്കാണ് നീതി ലഭിക്കുന്നത്? പോലീസിനെതിരെ വ്യാപകമായ പരാതികളാണുയരുന്നത്. 

പരാതി നല്‍കാനെത്തുന്ന പെണ്‍കുട്ടികള്‍ മോശക്കാരികളാണെന്ന മുന്‍വിധിയോടെയാണ് പോലീസ് പെരുമാറുന്നത്. പോലീസ് സ്റ്റേഷനില്‍ പോകാന്‍ പോലും പെണ്‍കുട്ടികള്‍ ഭയപ്പെടുകയാണ്. എന്തുനീതിയാണ് നടപ്പാക്കുന്നത്? സ്ത്രീകളോട് എങ്ങനെയാണ് പെരുമാറേണ്ടതെന്ന് പോലീസുകാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കണം. 

എല്ലാവര്‍ക്കും അമ്മയും മക്കളും സഹോദരിമാരുമൊക്കെയുണ്ട്. അവരാണ് പോലീസ് സ്റ്റേഷനുകളില്‍ അപമാനിക്കപ്പെടുന്നത്. സ്ത്രീകളോട് അപമര്യാദയായി പെരുമാറാനുള്ള എന്തു ലൈസന്‍സാണ് പോലീസിനുള്ളത്. പോലീസിൻ്റെ ആത്മവീര്യം ചോരുമെന്നാണ് പറയുന്നതെങ്കില്‍ ഇങ്ങനെയൊരു ആത്മവീര്യത്തിൻ്റെ ആവശ്യം കേരളത്തിനില്ല എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.