ആ​ക്ടി​വി​സ്റ്റ് ബിന്ദു അമ്മിണിയെ ആക്രമിച്ച മോഹന്‍ദാസ് അറസ്റ്റില്‍

 bindu ammini

കോഴിക്കോട്: ആക്ടിവിസ്റ്റും കോഴിക്കോട് ഗവ. ലോ കോളജ് ഗസ്റ്റ് അധ്യാപികയുമായ ബിന്ദു അമ്മിണിയെ ആക്രമിച്ച മോഹൻദാസ്​ അറസ്റ്റിൽ. ജാമ്യമില്ല വകുപ്പ് ചുമത്തിയിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും വെള്ളയിൽ ഇൻസ്പെക്ടർ ജി ഗോപകുമാർ പറഞ്ഞു. ജാമ്യമില്ലാ വകുപ്പ്​ ചുമത്തിയേക്കും.

ഇന്നലെ വൈകീട്ടായിരുന്നു സംഭവം. കോഴിക്കോട് നോർത്ത്  ബീച്ചിൽ വച്ച് ബിന്ദു അമ്മിണിയെ ബേപ്പൂർ സ്വദേശി മോഹൻ ദാസ് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിനിടെ മോഹന്‍ദാസിനും പരിക്കേറ്റിരുന്നു. കീഴടങ്ങുന്നതിനായി വീട്ടില്‍ നിന്ന് ഇറങ്ങുന്നതിനിടെയാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബിന്ദുവിനെതിരെ മോഹന്‍ദാസും പരാതി നല്‍കിയിട്ടുണ്ട്. തന്നെ ആദ്യം ബിന്ദുവാണ് മര്‍ദ്ദിച്ചതെന്നാണ് മോഹന്‍ദാസ് പറയുന്നത്. 

വാഹനം നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. ഐപിസി 323, 509 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. അടിപിടി, സ്ത്രീകളെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസ് എടുത്തത്. ഇയാള്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ബിന്ദു അമ്മിണി ഫെയ്‌സ്ബുക് പേജിലൂടെ പുറത്ത് വിട്ടിരുന്നു.

അതേസമയം, ആക്രമണത്തിനെതിരെ പ്രതിഷേധം ശക്തമാക്കാൻ വിവിധ സാമൂഹ്യപ്രവർത്തകർ തീരുമാനിച്ചിട്ടുണ്ട്. വരുംദിവസങ്ങളിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിലേക്കടക്കം മാർച്ച് നടത്താനും സംഘടനകൾ തയാറെടുക്കുന്നുണ്ട്. ബിന്ദു അമ്മിണിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.