മോന്‍സന്‍ മാവുങ്കല്‍ 1.5 ലക്ഷം തട്ടിയതായി പരാതി

monson
 തുറവൂർ: ബന്ധുവും സുഹൃത്തുമായ തുറവൂര്‍ സ്വദേശിയെ കബളിപ്പിച്ച് മോന്‍സന്‍ മാവുങ്കല്‍ ഒന്നരലക്ഷം രൂപ തട്ടിയതായി പരാതി. തുറവൂര്‍ വളമംഗലം കോട്ടപ്പള്ളി ബിജുമോനാണ് കുത്തിയതോട് സിഐക്കു പരാതി നല്‍കിയത്. പരാതിയില്‍ പറയുന്നതിങ്ങനെ: ബാങ്കില്‍നിന്നു വന്‍തുക പിന്‍വലിക്കണമെങ്കില്‍ ആര്‍ബിഐക്ക് ടാക്‌സ് ഇനത്തില്‍ നല്‍കാന്‍ 10 ലക്ഷം രൂപ ആവശ്യമുണ്ടെന്ന് 2017 ഡിസംബര്‍ 29നു മോന്‍സന്‍ മാവുങ്കല്‍ പറഞ്ഞു.തന്റെ കയ്യില്‍ 8 ലക്ഷം രൂപയുണ്ട്, ബാക്കി 2 ലക്ഷം വേണമെന്നും 20 ദിവസത്തിനകം തിരികെ നല്‍കാമെന്നും പറഞ്ഞ് ബിജുമോന്റെ സഹോദരന്‍ വഴി സമീപിക്കുകയായിരുന്നു. ബിജുമോന്‍ ഭാര്യയുടെ ആഭരണം പണയപ്പെടുത്തി പണം നല്‍കി. പറഞ്ഞ ദിവസം പണം തിരിച്ചു നല്‍കാതിരുന്നതോടെ നിരന്തരം വീട്ടിലെത്തിയപ്പോള്‍ പഴയ ആഡംബര കാര്‍ ഉറപ്പിനായി നല്‍കി.എന്നാല്‍, കാറിന്റെ രേഖകളൊന്നും നല്‍കാതിരുന്നതോടെ വീട്ടില്‍നിന്നു വാഹനം പുറത്തിറക്കാന്‍ സാധിച്ചില്ലെന്നും പരാതിയില്‍ പറയുന്നു.