പാർട്ടി കേഡർമാർക്ക് പ്രതിമാസ ഇൻസെന്റീവ്,ബൂത്ത് കമ്മിറ്റികളുടെ പ്രവർത്തനം ആറുമാസം കൂടുമ്പോൾ; കോൺഗ്രസിൽ പുതിയ മാർഗരേഖ

r

തിരുവനന്തപുരം: കോൺഗ്രസിൽ പുതിയ മാർഗരേഖ അവതരിപ്പിച്ചു. കേഡർ സംവിധാനത്തിലേക്ക് മാറുന്നതിന്റെ ഭാഗമായിയാണ് പുതിയ മാർഗ രേഖ പുറത്തിറക്കിയത്.ഡിസിസി പ്രസിഡണ്ടുമാരുടെ ശില്‍പ്പശാലയില്‍ കെപിസിസി വർക്കിംഗ് പ്രസിഡണ്ട് പി ടി തോമസാണ് മാർഗ്ഗരേഖ അവതരിപ്പിച്ചത്. 

ആൾക്കുട്ടത്തിൽ നിന്നും കേഡർ പാർട്ടിയിലേക്കുള്ള മാറ്റത്തിന്‍റെ പാതയൊരുക്കിയാണ് മാർഗ്ഗരേഖ. അടിമുടി പാർട്ടിയെ മാറ്റി പ്രവർത്തകനെയും നേതാക്കളെയും കൃത്യമായി വിലയിരുത്തിയാകും ഇനി മുന്നോട്ട് പോക്ക്. കോൺഗ്രസിലെ തർക്കങ്ങൾ പരിഹരിക്കാൻ ജില്ലാതല സമിതികൾ രുപീകരിക്കും. പാർട്ടി കേഡർമാർക്ക് പ്രതിമാസ ഇൻസെന്റീവ് നൽകാനും തീരുമാനമായി. നേതാക്കൾ വ്യക്തിപരമായി ഫ്ളക്സ് ബോർഡുകൾ സ്ഥാപിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി. പാർട്ടി വേദികളിൽ ആൾക്കൂട്ടം ഒഴിവാക്കാനും നിർദേശം നൽകി.ബൂത്ത് കമ്മിറ്റികളുടെ പ്രവർത്തനം ആറുമാസം കൂടുമ്പോൾ ഡിസിസി പ്രസിഡണ്ടുമാർ വിലയിരുത്തി കെപിസിസിക്ക് റിപ്പോർട്ട് നൽകണം.

പ്രാദേശിക പ്രശ്നങ്ങളിൽ ക്രിയാത്മക ഇടപെടൽ ഉറപ്പുവരുത്തണം. താഴെത്തട്ടിൽ കൂടുതൽ സജീവമാകണം. ജനങ്ങളിലേക്ക് കൂടുതൽ ഇറങ്ങി ചെല്ലണം. കല്യാണ-മരണവീടുകളിൽ ആദ്യാവസാനം വരെ സാന്നിധ്യം ഉറപ്പുവരുത്തണമെന്നും പുതിയ മാർഗരേഖയിൽ പറയുന്നു.