ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് ഇന്ന് കൂടുതല്‍ ഇളവുകള്‍

lockdown


തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്ക് ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍. ഏറെ കാലത്തിന് ശേഷം അനുവദിക്കുന്ന ഇളവുകള്‍ ആയതുകൊണ്ട് തന്നെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. 

വരുന്ന രണ്ട് ദിവസവും എ,ബി,സി വിഭാഗങ്ങളിലെ മേഖലകളില്‍ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് പുറമെ തുണിക്കട, ചെരുപ്പുകട, ഇലക്ട്രോണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, സ്വര്‍ണ്ണക്കട എന്നിവയും തുറക്കാം. രാത്രി 8 മണിവരെയാണ് ഇവയ്ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടാവുക. ഡി വിഭാഗത്തിലുള്ള പ്രദേശങ്ങളില്‍ ബക്രീദ് പ്രമാണിച്ച്, നിയന്ത്രണങ്ങള്‍ക്ക് വിധേയമായി തിങ്കളാഴ്ച കടകള്‍ തുറക്കാമെന്ന് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു.

അതേസമയം, ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും നിയന്ത്രണങ്ങള്‍ തുടരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയന്ത്രണങ്ങള്‍ ഈ രീതിയില്‍ തുടര്‍ന്നതുകൊണ്ടാണ് രോഗവ്യാപനം പിടിച്ചു നിര്‍ത്താന്‍ സാധിച്ചത്. ഇത് തുടരണം. വിശേഷ ദിവസങ്ങളില്‍ ആരാധനാലയങ്ങളില്‍ 40 പേര്‍ക്ക് വരെ പ്രവേശനമാകാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ആരാധനാലയങ്ങളുടെ ചുമതലയുള്ളവര്‍ ആളുകളുടെ എണ്ണം ക്രമീകരിക്കാന്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണം. ഒരു ഡോസ് വാക്സിനെങ്കിലും എടുത്തവര്‍ക്കായിരിക്കും പ്രവേശനാനുമതിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.