ദിലീപിനെതിരെ കൂടുതൽ തെളിവുകൾ പോലീസിന് കൈമാറി: സംവിധായകൻ ബാലചന്ദ്രകുമാർ

dileep and balachandrakumar

കൊച്ചി: ദിലീപിനെതിരെ കൂടുതൽ തെളിവുകൾ പോലീസിന് കൈമാറിയതായി സംവിധായകൻ ബാലചന്ദ്രകുമാർ. ഗൂഢാലോചനയുമായി ബന്ധപ്പെട്ട ഓഡിയോ റെക്കോര്‍ഡ് ഉള്‍പ്പടെയാണ് ക്രൈംബ്രാഞ്ചിന് കൈമാറിയതെന്ന് ബാലചന്ദ്രകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. തെളിവുകൾ വ്യാജമായി നിർമ്മിച്ചതല്ല. ശബ്‌ദം തന്റേതല്ലെന്ന് ദിലീപ് പറഞ്ഞിട്ടില്ലെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. 

ശബ്‌ദം ദിലീപിന്റേതെന്ന് തെളിയിക്കാൻ കൂടുതൽ ഓഡിയോകളുണ്ട്. വി ഐ പിയെ തനിക്ക് പരിചയമില്ല. ദിലീപിന് ഏറ്റവും അടുത്ത ആളാണ് വി ഐ പി. കേസിൽ കൂടുതൽ സാക്ഷികൾ അടുത്ത ദിവസങ്ങളിൽ രംഗത്ത് വരും. മാത്രമല്ല സാക്ഷികളെ ദിലീപ് സ്വാധീനിച്ചതിൻ്റെ  തെളിവുകളും അന്വേഷണ സംഘത്തിന് കൈമാറിയെന്നും ബാലചന്ദ്രകുമാർ വ്യക്തമാക്കി.

ശബ്ദരേഖ കൃത്രിമമായി ഉണ്ടാക്കിയതാണെന്ന് ദീലിപ് ഒരിടത്തും പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍പോലും അക്കാര്യം പറഞ്ഞിട്ടില്ല. അതില്‍ ദീലീപിൻ്റെ സഹോദരൻ്റെയും അളിയൻ്റെയും കാവ്യയുടെയും സംഭാഷണമുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. ഇതിലെ ശബ്ദം ദീലീപിൻ്റെതാണെന്ന് തെളിയിക്കുന്നതിന് ഇതുമായി ബന്ധപ്പെട്ട പത്തിലധികം ശബ്ദരേഖകള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണ ഉദ്യോഗസ്ഥരുമായി ജീവിതത്തില്‍ താന്‍ എതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടിട്ടുണ്ടെങ്കില്‍ ദീലീപ് അതിൻ്റെ തെളിവ് നല്‍കട്ടെ. സാക്ഷികളെ സ്വാധീനിച്ചതിൻ്റെ തെളിവ് ഉണ്ട്. എത്ര രൂപയാണ് നല്‍കിയതെന്നതുള്‍പ്പടെ അതിലുണ്ട്. ദിലീപിനെതിരെ പരാതി നല്‍കിയ ശേഷം അദ്ദേഹവുമായി അടുത്ത സിനിമാ നിര്‍മ്മാതാവ് തൻ്റെ വീടും വഴിയും അറിയാനായി ശ്രമിച്ചിട്ടുണ്ട്. ഇക്കാര്യം പോലീസിനെ അറിയിച്ചിട്ടുണ്ട്. ദീലീപുമായി ഉണ്ടായിട്ടുള്ള സാമ്പത്തിക ഇടപാട് ബാങ്ക് ത്രൂ ആയിട്ടാണ് നടത്തിയിട്ടുള്ളത്. സിനിമ വേണ്ടെന്ന് വച്ചത് താനാണ്. അതിൻ്റെ തെളിവ് പോലീസിന് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ബാലചന്ദ്രകുമാറിന് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി. ജീവന് ഭീഷണിയുണ്ടെന്ന ബാലചന്ദ്രകുമാറിൻ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. നാളെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ കോടതിയിലേക്ക് വരുമ്പോള്‍ സുരക്ഷ ഉറപ്പാക്കാന്‍ പോലീസിന് നിര്‍ദേശമുണ്ട്. നടന്‍ ദിലീപിനെതിരെ സംവിധായകന്‍ തെളിവ് പുറത്തുവിട്ട സാഹചര്യത്തിലാണ് രഹസ്യ മൊഴി രേഖപ്പെടുത്തുന്നത്. രഹസ്യ മൊഴി രേഖപ്പെടുത്താന്‍ മജിസ്‌ട്രേറ്റിനെ ചുമതലപ്പെടുത്തും.