അമ്മയും കുഞ്ഞും തീപ്പൊള്ളലേറ്റ് മരിച്ച സംഭവം; വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്മയും ഒൻപത് മാസം പ്രായമുള്ള കുഞ്ഞും വീട്ടിൽ തീ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് കേരള വനിതാ കമ്മിഷൻ. കഠിനംകുളം പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട സംഭവത്തെക്കുറിച്ച് തിരുവനന്തപുരം റൂറൽ എസ്പിയോട് വനിതാ കമ്മീഷൻ റിപ്പോർട്ടും തേടിയിട്ടുണ്ട്.
യുവതിയും കുഞ്ഞും മരിച്ച സംഭവം കൊലപാതകമെന്നാണ് കുടുംബം ആരോപിക്കുന്നത്. നിരവധി തവണ ഭർത്താവ് യുവതിയെ മർദ്ദിച്ചിരുന്നുവെന്ന് പിതാവ് പ്രമോദ് വെളിപ്പെടുത്തി. ഭർത്താവിൻ്റെ അവിഹിതത്തെ നിരവധി തവണ യുവതി ചോദ്യം ചെയ്തതാണ് പ്രശ്നത്തിന് കാരണം. ഭർത്താവാണ് മകളെ തീ കൊളുത്തി കൊന്നതാണെന്നും പ്രമോദ് ആരോപിച്ചു.
എന്നാൽ ആത്മഹത്യാ പ്രവണത യുവതിക്ക് നേരത്തെ തന്നെ ഉണ്ടായിരുന്നു എന്ന് ഭർത്താവ് രാജു ജോസഫ് ടിൻസിലി പറഞ്ഞു. സംഭവത്തിന് രണ്ട് ദിവസം മുൻപ് ശുചി മുറിയിൽ പോയി യുവതി ആത്മഹത്യാ ശ്രമം നടത്തിയിരുന്നു. കുഞ്ഞിനെയും കൊണ്ട് പോകുകയാണെന്ന് രാജു ജോസഫിന് സന്ദേശം അയച്ചിരുന്നു. ഏത് അന്വേഷണത്തിനും തയ്യാറാണെന്നും രാജു അറിയിച്ചു.