ലക്ഷദ്വീപിലേക്ക് സന്ദര്‍ശിക്കാന്‍ യാത്രാനുമതിക്കായി കത്ത് നൽകി എംപിമാർ; ലഭിച്ചില്ലെങ്കിൽ നിയമനടപടി

laksha


ന്യൂഡല്‍ഹി: ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ യാത്രാനുമതി നല്‍കണം എന്ന് അഭ്യര്‍ത്ഥിച്ച്‌ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ക്കും കവരത്തി അഡീഷണല്‍ ഡിസ്ട്രിക്‌ട് മജിസ്‌ട്രേറ്റിനും കേരളത്തില്‍ നിന്നുള്ള എം..പിമാര്‍ കത്ത് നല്‍കി. ഇടതുപക്ഷ എം.പിമാരായ എളമരം കരീം, ബിനോയ്‌ വിശ്വം, തോമസ് ചാഴിക്കാടന്‍, എം. വി. ശ്രേയാംസ് കുമാര്‍, ഡോ. വി. ശിവദാസന്‍, കെ. സോമപ്രസാദ്, എ. എം. ആരിഫ്, ജോണ്‍ ബ്രിട്ടാസ് എന്നിവര്‍ ലക്ഷദ്വീപ് സന്ദര്‍ശിക്കുമെന്ന് എളമര കരീം എം പി അറിയിച്ചു. അനുമതി നല്‍കിയില്ലെങ്കില്‍ നിയമപരമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലക്ഷദ്വീപില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ചേര്‍ന്ന് രൂപീകരിച്ച കോര്‍ കമ്മിറ്റിയുടെ ആദ്യ യോഗം ഇന്ന് കൊച്ചിയില്‍ ചേരും. അഡ്മിനിസ്ട്രേറ്ററുടെ വിവാദ നടപടികള്‍ തടയുന്നതിന് സേവ് ലക്ഷദ്വീപ് ഫോറം എന്ന് പേരിട്ട ആറംഗ കമ്മിറ്റിയാണ് ചേരുന്നത്. ലക്ഷദ്വീപ് ചീഫ് കൗണ്‍സിലറും എം.പിയും നിയമവിദഗ്ധരും യോഗത്തില്‍ പങ്കെടുക്കും.

അതേസമയം, തദ്ദേശവാസികളുടെ അഭിപ്രായം മാനിക്കാതെ പുതിയ നിയമങ്ങള്‍ നടപ്പാക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പ് നല്‍കിയെന്ന് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ ഇന്നലെ പറഞ്ഞിരുന്നു. അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു മുഹമ്മദ് ഫൈസലിന്റെ പ്രതികരണം.