മുല്ലപ്പെരിയാർ: പുതിയ ഉത്തരവില്ല; നിലവിലെ റൂള്‍ കര്‍വ് തുടരും

mullaperiyar dam

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിലവിലെ റൂള്‍ കര്‍വ് തുടരും. കേസില്‍ വാദം കേള്‍ക്കല്‍ മാറ്റിവയ്ക്കണമെന്നും അതുവരെ അടിയന്തര ഉത്തരവ് വേണ്ടെന്നും സംസ്ഥാനം സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന് കേസ് പരിഗണിക്കുന്നത് അടുത്തമാസം പത്തിലേക്ക് മാറ്റി. തമിഴ്നാടിന് ജലനിരപ്പ് 142 അടിയായി ഉയര്‍ത്താം. 

നവംബര്‍ 30 മുതല്‍ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താമെന്ന് നേരത്തെ ഇടക്കാല ഉത്തരവില്‍ കോടതി വ്യക്തമാക്കിയിരുന്നു. പുതിയ ഉത്തരവ് ഇല്ലാത്തതിനാല്‍ നിലവിലെ റൂള്‍ കര്‍വ് തുടരും. അടുത്ത മാസം പത്തിന് കേസ് വീണ്ടും പരിഗണിക്കും. ജലനിരപ്പ് 140 അടിക്ക് മുകളിലേക്ക് ഉയര്‍ത്തരുതെന്നായിരുന്നു കേരളം ആവശ്യപ്പെട്ടത്. റൂള്‍ കര്‍വ് പുനപ്പരിശോധിക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യങ്ങള്‍ ഇനി കേസ് പരിഗണനയ്ക്കു വരുമ്പോള്‍ സംസ്ഥാനം ഉന്നയിക്കും. 

ജലനിരപ്പ് 142 അടിയായി ഉയര്‍ത്തണമെന്നാണ് തമിഴ്‌നാടിന്റെ വാദം. അണക്കെട്ടിന് സുരക്ഷാ പ്രശ്‌നങ്ങളില്ലെന്നാണ് തമിഴ്‌നാട് ചൂണ്ടിക്കാട്ടുന്നത്. അണക്കെട്ടിന്റെ ചോര്‍ച്ചയുടെ വിശദാംശങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീം കോടതി തമിഴ്‌നാടിന് നിര്‍ദേശം നല്‍കിയിരുന്നു. 

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാപരിശോധന നടത്താന്‍ ഉടന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ജോ ജോസഫ് ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുള്ളത്. പ്രശസ്തമായ പ്രൊഫഷണല്‍ സ്ഥാപനങ്ങളുടെ സഹായത്തോടെ വിദഗ്ധ പരിശോധന ഉടന്‍ നടത്താന്‍ നിര്‍ദേശിക്കണമെന്നാണ് ആവശ്യം.