എഐസിസി നേതൃത്വത്തിലേക്ക് മുല്ലപ്പള്ളി രാമചന്ദ്രനെ പരിഗണിച്ചേക്കും

d

ന്യൂഡൽഹി; എ ഐ സി സി പുന:സംഘടനയിൽ മുൻ കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെ പരി​ഗണിച്ചേക്കും. പദവിയുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല.  മുന്‍പും കേന്ദ്ര നേതൃത്വത്തില്‍ നിര്‍ണായക സ്ഥാനങ്ങള്‍ വഹിച്ച മുല്ലപ്പള്ളിക്ക് പദവി നല്‍കുന്നത് സജീവമായി ഹൈക്കമാൻഡ് പരിഗണിക്കുന്നതായാണ് അറിവ്. നേരത്തെ എഐസിസി ജോ സെക്രട്ടറി, കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷൻ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട് മുൻകേന്ദ്രമന്ത്രി കൂടിയായ മുല്ലപ്പള്ളി.

അതേസമയം ഉമ്മൻചാണ്ടി ആന്ധ്രയുടെ ചുമതലയിൽ തുടർന്നേക്കില്ലെന്നാണ് വിവരം. എഴുപത്തിയേഴുകാരനായ ഉമ്മൻചാണ്ടിയെ പ്രായാധിക്യവും അനാരോഗ്യവും ചൂണ്ടിക്കാട്ടി ഒഴിവാക്കിയേക്കുമെന്ന സൂചനകളാണ് ഇപ്പോള്‍ ഡല്‍ഹിയില്‍ നിന്നും പുറത്തുവരുന്നത്.ഈ സാഹചര്യത്തില്‍ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും ആന്ധ്രയിലെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനാണ് നീക്കം. ഉമ്മന്‍ചാണ്ടിക്ക് വേറെ എന്ത് ചുമതലയാണ് കൊടുക്കുകയെന്ന് വ്യക്തമല്ല.