ഹരിത സംസ്ഥാന കമ്മറ്റിയെ പിരിച്ചു​വി​ട്ടെന്ന്​ മുസ്‌ലിം ലീഗ്

pma salam
കോ​ഴി​ക്കോ​ട്​: മുസ്‌ലിം ലീഗ് പോഷക സംഘടന ഹരിത സംസ്ഥാന കമ്മറ്റിയെ പിരിച്ചു​വി​ട്ടെന്ന്​ നേതൃത്വം അറിയിച്ചു. ഇന്ന്​ കോഴിക്കോട്​ ചേർന്ന ലീഗ്​ ഉന്നതാധികാര സമിതി യോഗത്തിന്​ ശേഷം സംസ്ഥാന സെക്രട്ടറി പിഎംഎ സലാമാണ്​ പിരിച്ചുവി​ട്ടതായി​ അറിയിച്ചത്​. ഹരിത നടത്തിയത്​ കടുത്ത ചട്ട ലംഘനമാണെന്നും​ പുതിയ കമ്മറ്റി നിലവിൽ വരുമെന്നും സംസ്ഥാന സെക്രട്ടറി പിഎംഎ സലാം പ്രതികരിച്ചു. ഹരിത കമ്മറ്റിയുടെ കാലാവധി നേരത്തേ അവസാനിച്ചതാണെന്നും സലാം പറഞ്ഞു.

നേരത്തേ 'ഹരിത' സംസ്ഥാന കമ്മിറ്റിയെ മുസ്​ലിംലീഗ്​ നേതൃത്വം മരവിപ്പിച്ചിരുന്നു. പി.കെ. നവാസ്​, എം.എസ്​.എഫ്​ ജില്ല പ്രസിഡൻറ്​ കബീർ മുതുപറമ്പ്​, വി.എ. വഹാബ്​ എന്നിവരോട്​ വിശദീകരണവും തേടിയിരുന്നു.

ഹരിത' സംസ്ഥാന ഭാരവാഹികൾക്കെതിരെ എം.എസ്​.എഫ്​ സംസ്ഥാന പ്രസിഡൻറ്​ പി.കെ. നവാസ്​, മലപ്പുറം ജില്ല ജനറൽ സെക്രട്ടറി വി എ വഹാബ്​ എന്നിവർ നടത്തിയ പരാമർശം വലിയ വിവാദം സൃഷ്​ടിച്ചിരുന്നു. സംഭവത്തിൽ 'ഹരിത' ഭാരവാഹികൾ വനിത കമീഷനിൽ പരാതി നൽകിയിരുന്നു​. ജൂൺ 22ന് കോഴിക്കോട്ട് എംഎസ്എഫ് സംസ്ഥാന കമ്മിറ്റി യോഗത്തിൽ സംഘടന സംബന്ധിച്ച് കാര്യങ്ങളിൽ നവാസ് ഹരിതയുടെ അഭിപ്രായം ആവശ്യപ്പെട്ട്​ സംസാരിക്കവെ അതിനെ വിശേഷിപ്പിച്ചത് 'വേശ്യക്കും വേശ്യയുടേതായ ന്യായീകരണം ഉണ്ടാകും' എന്നാണെന്ന് വനിതാ കമീഷന് നൽകിയ പരാതിയിൽ പറയുന്നു.