മുട്ടില്‍ മരം മുറി കേസ് അട്ടിമറിക്കാന്‍ ശ്രമം; ഫോറസ്റ്റ് കണ്‍സര്‍വേറ്ററെ സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ

muttil

തിരുവനന്തപുരം: മുട്ടില്‍ മരംമുറിക്കേസില്‍ ആരോപണ വിധേയനായ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്‍.ടി സാജനെ സസ്പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ. പ്രിന്‍സിപ്പല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വനംവകുപ്പ് ശുപാര്‍ശ ചീഫ് സെക്രട്ടറിക്ക് കൈമാറി. 

അന്വേഷണം വഴി തെറ്റിക്കാനും മുറിച്ച മരങ്ങള്‍ പിടിച്ചെടുത്ത ഫോറസ്റ്റ് റേഞ്ച് ഓഫീസറെ കുടുക്കാനും സാജന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വിഷയത്തില്‍ അന്തിമ നടപടി മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നാണ് ഉണ്ടാകേണ്ടത്. സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന.

സാജനെതിരെ വിജിലന്‍സ് വിഭാഗവും നേരത്തെ റിപ്പോര്‍ട്ട് കൈമാറിയിരുന്നു. ഇദ്ദേഹത്തിനുനേരെ സമാനമായ ആരോപണങ്ങള്‍ നേരത്തേയും ഉണ്ടായിരുന്നതായി വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ അന്വേഷണങ്ങള്‍ പൂര്‍ത്തിയായ ശേഷമേ നടപടി എടുക്കാന്‍ സാധിക്കൂ എന്നതായിരുന്നു വനംവകുപ്പിന്റെ ആദ്യ നിലപാട്. എന്നാല്‍ വനംവകുപ്പ് തന്നെ നടത്തിയ അന്വേഷണത്തില്‍ സാജനെതിരെ കണ്ടെത്തലുകള്‍ ഉണ്ടായി.

റേഞ്ച് ഓഫീസറായിരുന്ന ഷമീറിനെ അടക്കം കേസില്‍ കുടുക്കാന്‍ സാജന്‍ ശ്രമിച്ചെന്ന കണ്ടെത്തലും ഉണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സാജനെ സസ്‌പെന്‍ഡ് ചെയ്യാനുള്ള ശുപാര്‍ശ.