ഇസ്‌ലാമോഫോബിയ എന്ന പദം കൊണ്ട് വര്‍ഗീയത മറയ്ക്കാന്‍‌ ശ്രമം: എം വി ഗോവിന്ദന്‍

mv govindan
 


കണ്ണൂർ: സിപിഎം ഇസ്ലാമോഫോബിയ പടർത്തുന്നുവെന്ന ജമാഅത്തെ ഇസ്ലാമിയുടെ ആരോപണത്തിന് മറുപടിയുമായി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇസ്ലാമോഫോബിയ എന്ന പദം ഉപയോഗിച്ച് വർഗീയത മറയ്ക്കാനാണ് ജമാഅത്തെ ഇസ്ലാമിയുടെ ശ്രമമെന്ന് ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ആര്‍എസ്എസുമായുളള ചര്‍ച്ചയുടെ നേട്ടമെന്തെന്ന് ജമാഅത്തെ ഇസ്ലാമി തന്നെ വ്യക്തമാക്കണം. സിപിഎമ്മിനെ കുറ്റപ്പെടുത്താനുള്ള ധാരണയാണ് രൂപപ്പെടുന്നതെന്നും ഗോവിന്ദൻ വ്യക്തമാക്കി.
 
‘ജമാ അത്തെ ഇസ്‌ലാമിയും ആർഎസ്എസ്സും തമ്മിൽ സന്ധി നടത്തിയിട്ട് എന്താണ് നേടാ‌ൻ പോകുന്നതെന്ന് അവർ കൃത്യമായി ജനങ്ങളോട് പറയേണ്ടതുണ്ട്. ഇസ്‌ലാമോഫോബിയ എന്ന പദം ഉപയോഗിച്ച് രണ്ടു വർഗീയ ശക്തികളും അവരുടെ നിലപാട് ജനങ്ങൾക്കു മുന്നിൽ മറയ്ക്കുന്നതിനു വേണ്ടിയുള്ള ബോധപൂർവമായ ശ്രമമാണ് നടത്തുന്നത്’– ഗോവിന്ദൻ പറഞ്ഞു. ജനകീയ പ്രതിരോധ ജാഥ മുഖ്യമന്ത്രി പിണറായി വിജയന് സുരക്ഷാ കവചം ഒരുക്കാനല്ലെന്നും പാർട്ടിക്കും സംസ്ഥാന സർക്കാരിനും എതിരെ വന്നിട്ടുള്ള ആരോപണങ്ങളെ മറികടക്കാനും കേന്ദ്ര സർക്കാരിന് എതിരായ രാഷ്ട്രീയ പ്രചാരണം ശക്തമാക്കാൻ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. 

ജമാ അത്തെ ഇസ്‍ലാമി–ആർഎസ്എസ് കൂടിക്കാഴ്ചയിൽ യുഡിഎഫ് നിലപാട് വ്യക്തമാക്കണമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു. യുഡിഎഫിന്റെ മൗനം ഗൗരവത്തിൽ കാണണം. ഇടത് തുടർ ഭരണം അസ്ഥിരപ്പെടുത്താനുള്ള ശ്രമം ഇത്തരം ചർച്ചകൾക്ക് പിന്നിലുണ്ട്. ഒരു ഭാഗത്ത് സംഘപരിവാർ വിരുദ്ധ വാർത്തകളും ലേഖനങ്ങളും വ്യാപകമായി നൽകുകയും മറു ഭാഗത്ത് അവരുമായി ചർച്ച തലയിൽ മുണ്ടിട്ട് ചർച്ച നടത്തുകയും ചെയ്യുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.  ഇസ്‍ലാം മത വിശ്വാസികളുടെ മനസെന്ത്, ചിന്തയെന്ത് എന്നതിന്റെ അട്ടിപ്പേറവകാശം ജമാ അത്ത് ഇസ്‍ലാമിക്ക് ആരും നൽകിയിട്ടില്ലെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.