കുണ്ടറയിലെ പീഡനപരാതി; പെൺകുട്ടിയുടെ അച്ഛനെയും രണ്ട് നേതാക്കളെയും ഉൾപ്പെടെ എട്ട് പേരെ പുറത്താക്കി എൻസിപി

 എൻസിപി
 

കൊല്ലം: കുണ്ടറ പീഡനപരാതിയിൽ ഉൾപ്പെട്ടവർക്കെതിരേ എൻസിപി നടപടി. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് എട്ട് പേരെ പുറത്താക്കി. പരാതി നൽകിയ പെൺകുട്ടിയുടെ അച്ഛനെയും ആരോപണ വിധേയരായ ജി പത്മാകരൻ, രാജീവ് എന്നീ രണ്ട് നേതാക്കളെയും പുറത്താക്കി. ആറര വർഷത്തേക്കാണ് നടപടി. സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയതിന്റെ പേരിൽ എട്ട് പേരെയും സസ്‌പെൻഡ് ചെയ്തിരുന്നു.

കൊല്ലത്തു നിന്നുളള സംസ്ഥാന സമിതി അംഗം പ്രദീപും പാർട്ടിക്ക് പുറത്തായി. മന്ത്രി ശശീന്ദ്രൻ ഈ വിഷയത്തിൽ ഇടപെട്ടത് പ്രദീപ് പറഞ്ഞതു പ്രകാരമായിരുന്നു. ജയൻ പുത്തൻ പുരക്കൽ (എറണാകുളം), എസ് വി അബ്ദുൾ സലീം (കോഴിക്കോട് ), ബിജു ബി. (കൊല്ലം),  ഹണി വിറ്റോ (തൃശൂർ) എന്നിവരെയും പുറത്താക്കി. ശശീന്ദ്രൻ വിഷയത്തിൽ നേതൃത്വത്തെ വിമർശിച്ചവരാണ് ഈ നേതാക്കൾ.

കുണ്ടറ പീഡനപരാതിയിൽ മന്ത്രി എ കെ ശശീന്ദ്രന്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചു എന്നാരോപിച്ച് പരാതിക്കാരി രംഗത്തെത്തിയിരുന്നു. പീഡനക്കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ച മന്ത്രി എ.കെ. ശശീന്ദ്രന്റെ ശബ്ദരേഖ പുറത്തുവന്നത് വൻ വിവാദമായിരുന്നു. പരാതി നൽകിയ യുവതിയുടെ പിതാവുമായി മന്ത്രി നടത്തിയ സംഭാഷണമാണ് പുറത്തുവന്നിരുന്നത്.