കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് കടത്തിക്കൊണ്ടുപോയ നവജാത ശിശുവിനെ കണ്ടെത്തി

J
കോട്ടയം: മെഡിക്കൽ കോളജിൽനിന്ന് തട്ടിക്കൊണ്ടുപോയ നവജാത ശിശുവിനെ കണ്ടെത്തി. സംഭവം പുറത്തറിഞ്ഞ് ഒരു മണിക്കൂറിനകമാണ് സമീപത്തെ ഹോട്ടലിൽനിന്ന് മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തിയത്. വ്യാഴാഴ്ച ഉച്ചക്കുശേഷം മൂന്നോടെ നഴ്‌സിന്‍റെ വേഷത്തിലെത്തിയ സ്ത്രീ ചികിത്സക്കെന്ന വ്യാജേന അമ്മയുടെ കൈയിൽ നിന്ന് കുഞ്ഞിനെ വാങ്ങി കടന്നു കളയുകയായിരുന്നു.


വ്യാഴാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് കുഞ്ഞിനെ ചോദിച്ചുകൊണ്ട് ഗൈനക്കോളജി വാര്‍ഡില്‍ നഴ്‌സിന്റെ വസ്ത്രം ധരിച്ച് ഒരു സ്ത്രീ എത്തിയത്. കുട്ടിക്ക് ചില പ്രശ്‌നങ്ങളുണ്ടെന്നും ഡോക്ടര്‍ പരിശോധിക്കണമെന്നും അറിയിച്ചാണ് കുട്ടിയുടെ അമ്മയില്‍ നിന്നും ഇവര്‍ കുഞ്ഞിനെ വാങ്ങിയത്. തുടര്‍ന്ന് ഈ സ്ത്രീ കുഞ്ഞിനേയും എടുത്ത്‌ ആശുപത്രിക്ക് പുറത്തേക്ക് പോവുകയായിരുന്നു. 

ഏറെനേരം കഴിഞ്ഞിട്ടും കുഞ്ഞിനെ കാണാതായതോടെയാണ് കുട്ടിയുടെ അമ്മ നഴ്‌സിങ് സ്‌റ്റേഷനിലെത്തി കാര്യങ്ങള്‍ തിരക്കിയപ്പോള്‍ നഴ്‌സുമാരാരും കുഞ്ഞിനെ ആവശ്യപ്പെട്ട് ചെന്നിട്ടില്ലെന്ന വിവരമാണ് ലഭിച്ചത്. ഇതോടെ പരിഭ്രാന്തരായ കുഞ്ഞിന്റെ അമ്മയും ബന്ധുക്കളും ബഹളം വയ്ക്കുകയും പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ പോലീസ് ആശുപത്രി പരിസരത്തും മറ്റും അന്വേഷണം വ്യാപകമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ആശുപത്രിക്ക് സമീപത്തുള്ള ഹോട്ടലിന് മുന്നില്‍നിന്ന് കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ പോലീസ് കുട്ടിയെ തിരികെ ആശുപത്രിയിലേക്ക് എത്തിച്ച് അമ്മയ്ക്ക് കൈമാറുകയും ചെയ്തു.