തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് രാത്രികാല കർഫ്യൂ

tn lockdown
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്തയാഴ്ച മുതൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തിങ്കൾ മുതൽ രാത്രി 10 മുതൽ രാവിലെ 6 വരെയാണ് കർഫ്യൂ. കോവിഡ് അവലോകന വാർത്ത സമ്മേളനത്തിനിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. 

പുതിയ സാഹചര്യം കണക്കിലെടുത്ത് പ്രതിവാര രോഗബാധ ജനസംഖ്യ അനുപാതം ഏഴിൽ കൂടുതലുള്ള പ്രദേശങ്ങളിൽ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താൻ ഇന്ന് ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു. നേരത്തെ ജനസംഖ്യ അനുപാതം എട്ടിൽ കൂടുതലുള്ള പ്രദേശങ്ങളിലാണ് ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരുന്നത്. സംസ്ഥാനത്തെ നിലവിലെ സ്ഥിതിയും അതിന്റെ സവിശേഷതകളും ഇന്ന് ചേർന്ന യോഗം വിലയിരുത്തി എങ്ങനെ മുന്നോട്ട് പോകാം എന്ന് ആലോചിച്ചപ്പോൾ ഈ രംഗത്തെ പ്രമുഖരേയും ആരോഗ്യവിദഗ്ദ്ദരേയും ചേർത്ത് ഒരു യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്. 

കോവിഡ് ചികിത്സാ രംഗത്ത് പരിചയമുള്ള പ്രമുഖ ഡോക്ടർമാർ, രാജ്യത്തെ പ്രമുഖ ആരോഗ്യ വിദ​ഗ്ധർ, ഡോക്ടർമാർ എന്നിവരെയെല്ലാം ആ യോഗത്തിലേക്ക് ക്ഷണിക്കും. സർക്കാർ നിലവിൽ സ്വീകരിച്ച നടപടികൾ യോഗത്തിൽ റിപ്പോർട്ട് ചെയ്യുകയും അവരുടെ അഭിപ്രായം ആരായുകയും ചെയ്യും. സെപ്തംബർ ഒന്നിനാണ് ആ യോഗം ചേരുകയെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 

അതേസമയം, സംസ്ഥാനത്ത് ഇന്ന് 31265 പേർക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.67 ആണ്. 167497 പരിശോധനയാണ് ഇന്ന് നടന്നത്. 153 കോവിഡ് മരണം ഇന്ന് സ്ഥിരീകരിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു