നിപ: 15 പേരുടെ ഫലം കൂടി നെഗറ്റീവ്; അകെ 88 പേരുടെ സാമ്പിളുകള്‍ നെഗറ്റീവായി

nipa
 

കോഴിക്കോട്: നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 15 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രത്യേകമായി സജ്ജമാക്കിയ ലാബിലാണ് പരിശോധിച്ചത്. ഇതോടെ 88 പേരുടെ സാമ്പിളുകള്‍ നെഗറ്റീവാണെന്ന് കണ്ടെത്തി. രണ്ടുപേരുടെ സാമ്പിള്‍ പൂനെ എന്‍ഐവിയിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

 
നിപ സമ്പർക്കപ്പട്ടികയിൽ ഉള്ളവർ നെഗറ്റീവായത് ആശ്വാസമെന്ന് മുഖ്യമന്ത്രി പറഞ്ഞു'. നിപ ലക്ഷണങ്ങൾ ഉള്ളവരുടെ സാമ്പിളുകൾ ശേഖരിക്കും. അപകട സാധ്യത കൂടിയവരെ 21 ദിവസം കർശന റൂം നിരീക്ഷണത്തിലാക്കും. നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഫീൽഡ്-ഫീവർ സർവെയിലൻസ് നടത്തി വരികയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിപ സംബന്ധിച്ചുള്ള ആശങ്കകൾ പരിഹരിക്കാൻ സംസ്ഥാനതലത്തിലും ജില്ലാതലത്തിലും ബോധവത്ക്കരണവും ആരംഭിച്ചിട്ടുണ്ട്.
 
വവ്വാലുകളുടെയും വവ്വാൽ കടിച്ച പഴങ്ങളുടെയും ശേഖരിച്ച സാമ്പിളുകൾ ഭോപ്പാൽ പരിശോധന കേന്ദ്രത്തിലേക്ക് അയക്കും. ചത്ത വാവലുകളെ കുറിച്ചുള്ള ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമത്രി അറിയിച്ചു. കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിൽ നിപ ബാധിച്ച് മരിച്ച കുട്ടിയുടെ വീടിന്റെ 3 കിലോമീറ്റർ ചുറ്റളവിൽ ഹൗസ് ട്ടോ ഹൗസ് സർവേ നടത്തി. 15000ത്തോളം വീടുകളിലായി 68000 ആളുകളായിലാണ് സർവേ നടത്തിയത്. അസ്വാഭാവികമായ പനി, അസ്വാഭാവികമായ മരണങ്ങൾ മറ്റും ഈ പ്രദേശങ്ങളിൽ നടന്നിട്ടുണ്ടോ എന്നറിയുവാൻ വേണ്ടിയാണ് സർവേ നടത്തിയത്. സർവ്വേയിൽ അത്തരം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. നേരിയ ലക്ഷണങ്ങളുള്ളവരും റൂം ക്വാറന്റീനിൽ കഴിയുന്നവർക്കും കൊവിഡ് നിപ ടെസ്റ്റുകൾ നടത്തുന്നതിന് നാല് മൊബൈൽ ലാബുകൾ സജ്ജമാക്കിയിട്ടുണ്ട്, മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.