നിപ മരണം; 158 പേര്‍ സമ്പര്‍ക്ക പട്ടികയില്‍, രണ്ടു പേര്‍ക്ക് രോഗ ലക്ഷണം; റൂട്ട് മാപ്പ് തയ്യാറാക്കും

nipa
 

കോഴിക്കോട്: കോഴിക്കോട് നിപ മരണം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് രാവിലെ കോഴിക്കോട്ടെത്തി.രാവിലെ ഗസ്‌റ് ഹൗസില്‍ യോഗം ചേര്‍ന്ന ശേഷം കളക്ടറേറ്റില്‍ വിവിധ വിഭാഗങ്ങളുടെ അവലോകന യോഗം ചേര്‍ന്നു. സമ്പര്‍ക്ക പട്ടികയില്‍ 158 പേരാണുള്ളത്. അതില്‍ 20 പേര്‍ പ്രാഥമിക സമ്പര്‍ക്കത്തിലുള്ളവരാണ്. സമ്പര്‍ക്ക പട്ടികയിലുള്ള രണ്ടുപേര്‍ രോഗ ലക്ഷണങ്ങളുമായി ആശുപത്രിയില്‍ ചികിത്സയിലാണ്.  

നിപ കണ്‍ട്രോള്‍ റൂം കോഴിക്കോട്ടു ആരംഭിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. കൂടാതെ മെഡിക്കല്‍ കോളേജിലെ ഒരു വാര്‍ഡ് നിപ വാര്‍ഡ് ആക്കി മാറ്റിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. ജില്ലയിൽ നിന്നുള്ള മന്ത്രിമാരായ എകെ ശശീന്ദ്രൻ, മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ എന്നിവരും സവിശേഷ സാഹചര്യം പരി​ഗണിച്ച് സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.

കുട്ടി ചികിത്സയ്‌ക്കെത്തിയ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരോട് ഐസൊലേഷനില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടി യാത്ര ചെയ്ത വാഹനങ്ങളടക്കം ഉള്‍പ്പെടുത്തിയുള്ള റൂട്ട് മാപ്പ് തയ്യാറാക്കും.

27-ാം തിയതിയാണ് കുട്ടിക്ക് ആദ്യമായി പനി വന്ന് ആശുപത്രിയിലെത്തിയത്. അതിന് ശേഷമാണ് മെഡിക്കല്‍ കോളേജിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും ചികിത്സക്ക് വന്നത്. മെഡിക്കല്‍ കോളേജില്‍ നിന്ന് എന്തുകൊണ്ട് രോഗം കണ്ടെത്താനായില്ല എന്നത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

പനി ബാധിച്ച് എത്തിയ കുട്ടിക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ സ്രവ പരിശോധനയ്ക്ക് നി‍ർദ്ദേശം നൽകിയിരുന്നില്ല. മരിച്ച കുട്ടിക്ക് ഒരു ഘട്ടത്തിലും കൊവിഡ് ഉണ്ടായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു. ഈ ഘട്ടത്തിൽ രോ​ഗപ്രതിരോധമാണ് സ‍ർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. കുട്ടിക്ക് രോ​ഗം ലഭിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്താനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

നിപ മരണം സ്ഥിരീകരിച്ച ചാത്തമംഗലം ചൂലൂരിലും പരിസരത്തും വിവിധ മെഡിക്കല്‍ സംഘങ്ങള്‍ സന്ദര്‍ശിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നലെ രാത്രി വൈകിയാണ് മരണപ്പെട്ട കുട്ടിയുടെ പരിശോധന ഫലം പുറത്തു വന്നത്.അപ്പോള്‍ത്തന്നെ വേണ്ട എല്ലാ കരുതലും എടുത്തിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.


അതേസമയം, കോഴിക്കോട് സൗത്ത് ബീച്ചിന് സമീപം കണ്ണമ്പറമ്പ് ഖബറിസ്ഥാനിൽ മൃതദേഹം സംസ്കരിക്കുന്നതിനായുള്ള ഒരുക്കങ്ങൾ തുടങ്ങി. ആരോഗ്യപ്രവർത്തകരും പൊലീസും സ്ഥലത്തിയിട്ടുണ്ട്. നൂറ് മീറ്റർ ചുറ്റളവിൽ ആരെയും കടത്തി വിടില്ലെന്ന് പൊലീസ് അറിയിച്ചു. 2018 ൽ രോഗം ബാധിച്ച് മരിച്ചവരെയും ഇവിടെയാണ് സംസ്കരിച്ചിരുന്നത്. അതിനിടെ, കേരളത്തിലെ നിപ ബാധ കേന്ദ്രം നിരീക്ഷിച്ചു. സെൻ്റർ ഫോർ ഡിസിസ് കൺട്രോൾ ടീം സംസ്ഥാനത്തേക്ക് തിരിച്ചു. രോഗനിയന്ത്രണത്തിൽ എല്ലാ പിന്തുണയുമുണ്ടാകുമെന്ന് കേന്ദ്രം അറിയിച്ചു.