നിപ വൈറസ്: അതീവ ജാഗ്രതയിൽ ആരോഗ്യ വകുപ്പ്, പ്രദേശത്ത് പ്രത്യേക നിയന്ത്രണം

Nipah virus
 

കോഴിക്കോട്: നിപ വൈറസ് ബാധിച്ച് 12കാരന്‍ മരിച്ചതിന് പിന്നാലെ അതീവ ജാഗ്രതയില്‍ ആരോഗ്യ വകുപ്പ്. കുട്ടിയുടെ വീട് ഉള്‍പ്പെടുന്ന പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലാണ് പൊലീസ് നിയന്ത്രണം എര്‍പ്പെടുത്തിയിരിക്കുന്നത്. 

കേരളത്തില്‍ നിപ വൈറസ് സ്ഥിരീകരിച്ച കാര്യം ആരോഗ്യമന്ത്രി വീണ ജോർജ്ജ് സ്ഥിരീകരിച്ചു.ഇക്കാര്യം കേന്ദ്രവും സ്ഥിരീകരിച്ചു.  നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്റേതാണ് സ്ഥിരീകരണം. വിദഗ്ധ പരിശോധനയ്ക്കായി കേന്ദ്ര സംഘം കോഴിക്കോട്ട് എത്തും. 

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിപ ചികിത്സയ്ക്കായി പ്രത്യേക വാര്‍ഡ് രൂപീകരിച്ചു. കുട്ടിയുടെ ബന്ധുക്കളും അയല്‍ക്കാരും നിരീക്ഷണത്തിലാണ്. ഇവര്‍ക്ക് രോഗ ലക്ഷണങ്ങള്‍ ഇല്ല.

അതേസമയം,  കോഴിക്കോട് ഇന്ന് 12 മണിക്ക് ഉന്നത തല യോഗം ചേരും. മന്ത്രിമാരായ മുഹമ്മദ് റിയാസ്, എകെ ശശീന്ദ്രന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. ആരോഗ്യ മന്ത്രിയും വൈകാതെ കോഴിക്കോട് എത്തും.