നിപ വൈറസ്: 20 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

nipa
 


തിരുവനന്തപുരം: നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 20 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതില്‍ 2 എണ്ണം എന്‍.ഐ.വി. പൂനയിലും 18 എണ്ണം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രത്യേകമായി സജ്ജമാക്കിയ ലാബിലുമാണ് പരിശോധിച്ചത്. 

ഇതോടെ 108 പേരുടെ സാമ്പിളുകളാണ് നെഗറ്റീവാണെന്ന് കണ്ടെത്തിയിട്ടുള്ളത്. സര്‍വയലന്‍സിന്റെ ഭാഗമായി ഫീല്‍ഡില്‍ നിന്നും ശേഖരിച്ച സാമ്പിളുകള്‍ പരിശോധിച്ചതില്‍ 19 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായും മന്ത്രി വ്യക്തമാക്കി.

അതിനിടെ കോഴിക്കോട് ചാത്തമംഗലത്തു നിന്ന് ശേഖരിച്ച മൃഗസാമ്പിളുകളില്‍ നിപ വൈറസ് സാന്നിധ്യമില്ല. ആടുകളുടേയും വവ്വാലുകളുടേയും സ്രവ പരിശോധനാഫലം നെഗറ്റീവായി. ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബില്‍ നിന്നുള്ള പരിശോധനാ ഫലമാണ് പുറത്തുവന്നിരിക്കുന്നത്.

നിപയുടെ ഉറവിടം കണ്ടെത്താനുള്ള ഊര്‍ജിത ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം ആടുകളുടേയും വവ്വാലുകളുടേയും സാമ്പിളുകള്‍ മൃഗസംരക്ഷണ വകുപ്പ് പരിശോധിച്ചത്. 26 ആടുകളേയും അഞ്ച് വവ്വാലുകളേയുമാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഈ പരിശോധനാഫലമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.